നെല്ലിയാമ്പതിയിലേക്ക് 33 കെവി വൈദ്യുതി ടവർ ലൈൻ സ്ഥാപിക്കുന്നതിനായി പദ്ധതി
1573004
Saturday, July 5, 2025 12:14 AM IST
നെല്ലിയാമ്പതി: നെല്ലിയാമ്പതിയുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിലവിലുള്ള ലൈനുകൾക്ക് പകരം 33 കെവിയുടെ ടവർലൈൻ നിർമിക്കാൻ കെഎസ്ഇബി അധികൃതർ പരിശോധനയും സർവേയും നടത്തി. നിലവിൽ കൊല്ലങ്കോട് നിന്ന് സീതാർകുണ്ട് വഴിയാണ് പുലയംപാറ ഊത്തുകുഴി റോഡിലെ പവർ സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത്. നെല്ലിയാമ്പതിയിലേക്ക് നിലവിൽ സിമന്റ്, മരം ഉപയോഗിച്ചുള്ള ഹൈടെൻഷൻ ലൈൻ മുഖേനയാണ് വൈദ്യുതി എത്തിക്കുന്നത്.
കെഎസ്ഇബി പാലക്കാട് സബ് ഡിവിഷൻ അസി. എൻജിനീയർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെല്ലിയാമ്പതിയിൽ എത്തി തടസമില്ലാതെ വൈദ്യുതി എത്തിക്കുന്നതിനായി ഹൈടെൻഷൻ ടവർലൈൻ സ്ഥാപിക്കുന്നതിനായി പ്രാഥമികസാധ്യതകൾ പരിശോധിച്ചത്. സീതാർകുണ്ട് വ്യൂ പോയിന്റ് ഭാഗത്തുനിന്നും താഴ്ഭാഗത്തേക്കുള്ള ചെരിവ് സംഘം സന്ദർശിച്ച് വിലയിരുത്തി. ജിപിഎസ് മുഖനേ സ്ഥലം പരിശോധന നടത്തി. തുടർന്ന് ഡ്രോൺ മുഖനേ പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു. സബ് എൻജിനീയർമാരായ അനീഷ്, ശരത്, വർക്കർ ആന്റണി, തൊഴിലാളികളായ ബിനു, രാഹുൽ എന്നിവരും സംഘത്തോടൊപ്പം അനുഗമിച്ചിരുന്നു.
വനമേഖലയിലൂടെ വരുന്ന വൈദ്യുതി ലൈനിൽ പലപ്പോഴും മരങ്ങൾ കടപുഴകിയും മരക്കൊമ്പുകൾ വീണും നെല്ലിയാമ്പതിയിലേക്ക് വൈദ്യുതി തടസം പതിവാണ്. റോഡ് ഗതാഗത സൗകര്യം ഇല്ലാത്ത വനമേഖലയിലൂടെ വരുന്ന വൈദ്യുതി ലൈനിലെ പ്രശ്നം പരിഹരിച്ച് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിന് പലപ്പോഴും ദിവസങ്ങൾ എടുക്കാറുണ്ട്.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ വൈദ്യുതി തടസം മേഖലയിലെ തൊഴിലാളികൾക്കും റിസോർട്ടുകൾക്കും ഹോട്ടൽ, വ്യാപാരസ്ഥാപനങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാരികൾ, കുടിവെള്ളം എന്നിവക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവിലെ സാധാരണ ഹൈടെൻഷൻ വൈദ്യുതി ലൈൻ മാറ്റി ഉയരം കൂടിയ ടവർ ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി നെല്ലിയാമ്പതിയിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല.
വനമേഖലയിലൂടെ ടവർ ലൈൻ സ്ഥാപിക്കുന്നതിന് കെഎസ്ഇബി വനംവകുപ്പിന് കത്ത് നൽകിയെങ്കിലും അനുമതി നൽകിയിരുന്നില്ല. വനമേഖലയിലൂടെ പുതിയ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിന് അനുമതിക്കായി ലൈൻ വലിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സ്കെച്ചും വഴിയും പ്രത്യേകം വേണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തിന് അനുമതി നൽകേണ്ട ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയ നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. പ്രസാദും സംഘത്തിന്റെ കൂടെയുണ്ടായിരുന്നു. മേഖലയിലെ പല സംഘടനകളും നെന്മാറ വനം ഡിവിഷൻ ഓഫീസിലും കെഎസ്ഇബി അധികൃതർക്കും നിവേദനം നൽകിയിരുന്നു.