നെല്ലിയാമ്പതി മട്ടത്ത്പാടിയിൽ കാട്ടാനയിറങ്ങി; നാട്ടുകാർക്ക് ഉറക്കമില്ലാത്ത രാത്രി
1572774
Friday, July 4, 2025 5:47 AM IST
നെല്ലിയാമ്പതി: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളെ ഭീതിയിലാക്കി. കഴിഞ്ഞദിവസം രാത്രി എട്ടോടെ ചന്ദ്രാമല എസ്റ്റേറ്റിലെ മട്ടത്ത്പാടിയിൽ എത്തിയ ഒറ്റയാനാണ് പ്രദേശത്തെ 40 ഓളം വീട്ടുകാരെ കഴിഞ്ഞദിവസം രാത്രി ഭീതിയിലാക്കിയത്.
കാട്ടാന നടന്ന വഴിയിലെ വൈദ്യുതി വയറുകൾ പോസ്റ്റിൽ നിന്നു പൊട്ടിവീണതോടെ വീടുകളിലെ വൈദ്യുതി നിലച്ചു. പട്ടികളും പശുക്കളും പേടിച്ച് ഒച്ച വച്ചതോടെയാണ് ആനയുടെ സാന്നിധ്യം പാടിയിൽ ഉള്ളവർ അറിയുന്നത്. നെല്ലിയാമ്പതി കൈകാട്ടിയിലെ വനംസ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകൻ എത്തിയെങ്കിലും ആനയെ തുരത്താൻ നടപടി കൈക്കൊണ്ടില്ല.
ഏറെനേരം പാടികൾക്ക് സമീപത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് സമീപത്തുകൂടെയും കറങ്ങിനടന്നെങ്കിലും വാഹനങ്ങൾ ആക്രമിച്ചില്ല. താമസക്കാർ ബഹളംവച്ചതോടെ ആന പ്രകോപനത്തോടെ ആളുകൾക്ക് നേരെ പാഞ്ഞുവന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
വീടുകളിലെ ജനലുകളും വാതിലുകളിലും മുട്ടി തുറക്കാൻ ശ്രമിച്ചശേഷം പാടികൾക്ക് സമീപമുള്ള പ്ലാവിലെ ചക്ക പറിച്ചുതിന്നാണ് കാട്ടാന മടങ്ങിയത്. ആന കൂടുതൽ ശല്യമായാൽ പടക്കം പൊട്ടിക്കാൻ നിർദേശിച്ച് വനം ജീവനക്കാർ രാത്രി മടങ്ങി. പ്രദേശത്ത് പതിവായി കാണാറുള്ള കാട്ടാനയല്ല ഇതെന്നും ആക്രമണസ്വഭാവം കാണിക്കുന്നതിനാൽ മറ്റു പ്രദേശത്തുനിന്ന് വന്നവയാണെന്നും പാടിയിലുള്ളവർ പറഞ്ഞു.
കഴിഞ്ഞയാഴ്ച പുലയമ്പാറ, സീതാർകുണ്ട്, ഊത്തുകുഴി മേഖലകളിൽ ഭീതി പടർത്തിയ കാട്ടാനയാണിതെന്നും കൊല്ലങ്കോട് റേഞ്ച് വനംജീവനക്കാർ വനത്തിലേക്ക് തുരത്തിയ കാട്ടാന മടങ്ങിയെത്തിയതാണ് ഇതെന്നും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. പകൽസമയം വനമേഖലയോട് ചേർന്ന സ്ഥലങ്ങളിൽ ഒളിച്ചു കഴിയുന്ന ഒറ്റയാൻ രാത്രിയാണ് ജനവാസ മേഖലകളിലേക്ക് എത്തുന്നത്.
ആക്രമണസ്വഭാവം കാണിക്കുന്ന ഈ ആനയെ പറമ്പിക്കുളം വനമേഖലയിലേക്ക് തുരത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. രണ്ടാഴ്ചമുമ്പ് ചന്ദ്രാമല എസ്റ്റേറ്റ് സൂപ്പർവൈസറുടെ വീട്ടിലെ വാതിൽ തള്ളിത്തുറന്ന് വീട്ടുസാധനങ്ങളും ചക്കയും എടുത്തുകൊണ്ടുപോയ ആനയാണിതെന്ന് ചന്ദ്രാമല എസ്റ്റേറ്റിലെ തൊഴിലാളികൾ പറയുന്നു.