തിരുവിഴാംകുന്ന് കന്നുകാലി ഫാമിൽ വീണ്ടും തമ്പടിച്ച് കാട്ടാനക്കൂട്ടം
1572990
Saturday, July 5, 2025 12:14 AM IST
മണ്ണാർക്കാട്: ഇടവേളയ്ക്കുശേഷം വീണ്ടും തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം.
മൂന്ന് ആനകളാണ് തിരുവിഴാംകുന്ന് ഫാമിൽ വിലസുന്നത്. ഇതോടെ ഫാമിനകത്തെ ജീവനക്കാരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും ഒരുപോലെ ഭയപ്പാടിലാണ്.
ഫാമിനകത്തു പ്രവർത്തിക്കുന്ന ഏവിയൻ സയൻസ് കോളജിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും ഫാമിലെ ക്വാർട്ടേഴ്സുകളിലാണ് താമസിക്കുന്നത്. ഇവർക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്.
ഫാമിനു ചുറ്റും താമസിക്കുന്ന കുടുംബങ്ങളും ഭീതിയിലാണ്. ഫാമിനകത്തുള്ള കൃഷികളും കാട്ടാനകൾ നശിപ്പിക്കുന്നുണ്ട്.
ഇതിനിടെ നിരവധി തവണ ഫാമിനകത്തു കാട്ടാനക്കൂട്ടം എത്തുകയും ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്തിട്ടുണ്ട്.
വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് ഓടിച്ചാലും വീണ്ടും കാട്ടാനകൾ ഫാമിലെത്തുന്നതു പതിവാണ്. കാട്ടാനകൾ ഫാമിനകത്തു കയറാതിരിക്കാനുള്ള ശാശ്വത പരിഹാരമാണ് വനംവകുപ്പ് സ്വീകരിക്കേണ്ടതെന്നു നാട്ടുകാരും ഫാമിനകത്തുള്ളവരും ആവശ്യപ്പെട്ടു.