നിപ്പ: കരിമ്പുഴ പഞ്ചായത്തിലെ രണ്ട് വാർഡുകൾ അടച്ചിടും
1573001
Saturday, July 5, 2025 12:14 AM IST
ശ്രീകൃഷ്ണപുരം: തച്ചനാട്ടുകര പഞ്ചായത്തിലെ കിഴക്കും പുറത്ത് നിപ്പ സ്ഥിരീകരിച്ചതോടെ പകർച്ച തടയുന്നതിനായി സമീപപഞ്ചായത്തായ കരിമ്പുഴ നടപടികൾ തുടങ്ങി. തച്ചനാട്ടുകര പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന കരിമ്പുഴ പഞ്ചായത്തിലെ ആറ്റാശേരി പതിനേഴാം വാർഡും ചോലകുർശി പതിനെട്ടാം വാർഡും പൂർണമായും അടച്ചിടാൻ പഞ്ചായത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനമായി.
രണ്ടു വാർഡുകളിൽ നിന്നും പുറത്തുപോവാനോ പുറത്തുനിന്ന് വാർഡുകളിലേക്ക് വരാനോ പാടില്ല. സ്കൂൾ, മദ്രസ എന്നിവ അടച്ചിടും. വാർഡുകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ഒരുക്കും. വാർഡിലെ മുഴുവൻ ആളുകളും മാസ്ക് ധരിക്കുകയും ഇടയ്ക്കിടെ കൈ കഴുകുകയും ചെയ്യണം. രണ്ടു വാർഡുകളിലെ 845 വീടുകളിലും ആരോഗ്യവകുപ്പ് 5,6,7 തിയതികളിൽ പരിശോധന നടത്തും.
12 ഗ്രൂപ്പുകളായി മൂന്നു ദിവസങ്ങളിൽ നടത്തുന്ന പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടറോ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറോ നേതൃത്വം നൽകും. രാവിലെ 7 മണിയോടെ തുടങ്ങുന്ന പരിശോധന ഉച്ചക്ക് 12ന് അവസാനിപ്പിച്ച് വൈകുന്നേരം 5ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും.
പനി വന്ന ഉടൻ ശ്വാസംമുട്ട്, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് അതീവ പരിഗണന നൽകി പരിചരിക്കും. കാര്യമായ അസുഖങ്ങൾ ഇല്ലാതെ പെട്ടെന്ന് ചത്ത വളര്ത്തു മൃഗങ്ങളെ കുറിച്ച് ആരോഗ്യവകുപ്പിനെ അറിയിക്കണം. അവശ്യവസ്തുക്കൾ ലഭിക്കുന്ന കടകൾക്ക് രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാം തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തിൽ കൈകൊണ്ടത്.
കൂടാതെ പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങാനും മൈക്ക് ഉപയോഗിച്ച് വിളംബരം നടത്താനും പോസ്റ്ററുകൾ പ്രചരിപ്പിക്കാനും തീരുമാനമായി.
യോഗത്തിൽ കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .എം. ഹനീഫ അധ്യക്ഷത വഹിച്ചു. വാർഡുകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിൽ നിന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ലക്ഷണങ്ങൾ ഉള്ളവർ ഉടൻതന്നെ ആരോഗ്യവകുപ്പിന് വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു.