എലിപ്പനി പടരുന്നു; ജാഗ്രത പാലിക്കണം
1572771
Friday, July 4, 2025 5:47 AM IST
പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
സ്വയം ചികിത്സ ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുളള ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചു ചികിത്സ തേടേണ്ടതാണെന്നും അറിയിച്ചു.ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് എലിപ്പനിക്കു കാരണമാകുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെയാണു രോഗാണുക്കൾ വ്യാപിക്കുന്നത്.
നായ്ക്കൾ, ആടുമാടുകൾ, പന്നികൾ തുടങ്ങിയ വളർത്തുമൃഗങ്ങളും ചിലപ്പോൾ രോഗാണുവാഹകരാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
എലിമൂത്രം കലർന്നമണ്ണും കെട്ടിക്കിടക്കുന്ന വെള്ളവുമാണ് രോഗവ്യാപനത്തിനുള്ള പ്രധാന കാരണം. മഴ പെയ്യുന്പോൾ എലിമാളങ്ങളിൽ വെള്ളം കയറുന്നത് എലികളെ പുറത്തു കൊണ്ടുവരികയും വെള്ളം വ്യാപകമായി മലിനമാകുകയും ചെയ്യുന്നതിലൂടെ രോഗം പടരാനുള്ള സാധ്യത വർധിക്കുന്നു.
കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈർപ്പമുള്ള മണ്ണിലും രണ്ടോ മൂന്നോ മാസം വരെ എലിപ്പനി ഭീഷണി നിലനിൽക്കും. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ പത്തു പതിനാലു ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.
മറ്റു പകർച്ച പനികൾക്കുണ്ടാകുന്ന സമാന ലക്ഷണങ്ങളാണ് ആരംഭത്തിൽ എലിപ്പനിക്ക് ഉണ്ടാകുന്നതെങ്കിലും അൽപം ശ്രദ്ധിച്ചാൽ എലിപ്പനിയാണോ എന്നു മനസിലാക്കാം.
രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെപ്പറ്റിയുമുളള അറിവില്ലായ്മയും വൈറൽ പനി ആയിരിക്കാമെന്നു കരുതി ചികിത്സ വൈകിപ്പിക്കുന്നതുമാണ് എലിപ്പനിമൂലം മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം.
ഏതു പനി ആയാലും തുടങ്ങി ദിവസങ്ങൾക്കകംതന്നെ രോഗനിർണയം നടത്തി ശരിയായ ചികിത്സ ലഭ്യമാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.