കാട്ടുപന്നിയെ വെടിവച്ചുകൊന്നു
1572803
Friday, July 4, 2025 6:17 AM IST
നെന്മാറ: വല്ലങ്ങി ചേരാമംഗലം കോരാംപറമ്പിൽ വീട്ടുവളപ്പിൽ ഭീഷണി ഉയർത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കോരാൻപറമ്പ് നന്ദനം വീട്ടിൽ രാമകൃഷ്ണന്റെ വീട്ടുവളപ്പിലാണ് ദിവസങ്ങളായി രാത്രിസമയങ്ങളിൽ കാട്ടുപന്നികൾ വിഹാരം നടത്തുന്നതും പച്ചക്കറി, ചേന, ചേമ്പ്, വാഴ തുടങ്ങിയ കാർഷികവിളകൾ നശിപ്പിക്കുകയും വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയുമായിരുന്നു. സമീപത്തെ റോഡിലൂടെയുള്ള ഇരുചക്രവാഹനക്കാർക്ക് നേരെയും പുറകെ ഓടിയും കാട്ടുപന്നി ഭീഷണി ഉണ്ടാക്കിയിരുന്നു.
സഹികെട്ട രാമകൃഷ്ണനും പ്രദേശവാസികളും ചേർന്നാണ് വനംവകുപ്പിന്റെ ഷൂട്ടർമാരുടെ പാനലിൽ ഉൾപ്പെട്ട പി. വിജയൻ ചാത്തമംഗലം, എം. ശിവദാസൻ പെരുമാങ്കോട് എന്നിവരുടെ സഹായം തേടിയത്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ വീടിന് സമീപം എത്തിയ രണ്ടു കാട്ടുപന്നികളിൽ ഒന്നിനെ ഷൂട്ടർമാർ വെടിവെച്ചുകൊന്നു. വനം വകുപ്പ് മാനദണ്ഡപ്രകാരം കുഴിച്ചുമൂടി.