നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാഹോസ്റ്റൽ മൂന്നുമാസത്തിനകം
1572770
Friday, July 4, 2025 5:47 AM IST
നെന്മാറ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെയും എലവഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ നിർമിക്കുന്ന വനിതാഹോസ്റ്റലിന്റെ പ്രവൃത്തി അന്തിമഘട്ടത്തിൽ. എലവഞ്ചേരി ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡ് തെന്മലയോരത്താണ് ഹോസ്റ്റലിന്റെ നിർമാണം.
കഴിഞ്ഞ മൂന്ന് സാന്പത്തിക വർഷങ്ങളിലായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 1.5 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ ഒരുകോടിരൂപയും ഉൾപ്പെടെ ആകെ 2.5 കോടി രൂപയോളം വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 100 വനിതകൾക്ക് താമസിക്കാവുന്ന ഹോസ്റ്റൽ കെട്ടിടമാണ് നിർമിക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ ഹോസ്റ്റൽ പ്രവർത്തനമാരംഭിക്കുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അറിയിച്ചു.