കോൺഗ്രസ് പ്രവർത്തകർ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു
1572999
Saturday, July 5, 2025 12:14 AM IST
വടക്കഞ്ചേരി: കാളാംകുളം - കണക്കൻതുരുത്തി -ആനക്കുഴിപ്പാടം മൂച്ചിക്കൽക്കുളമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ 17,18 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു.
മാസങ്ങൾക്കു മുൻപ് ജൽജീവൻ മിഷന്റെ കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നതിന് കാളാംകുളം മുതൽ 17, 18 വാർഡുകളിലായി 26 സ്ഥലത്ത് റോഡ് കുറുകെ വെട്ടിപ്പൊളിച്ചിരുന്നു. ഇതിപ്പോൾ വലിയ കുഴികളായി മാറി. അഞ്ച് കിലോമീറ്റർ ദൂരം വരുന്ന റോഡ് പൂർണമായും തകർന്ന നിലയിലായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ പഞ്ചായത്തും നടപടി സ്വീകരിക്കുന്നില്ലെന്നതും പ്രതിഷേധത്തിന് കാരണമായി. നാലുദിവസം മുൻപ് കുട്ടിയുമായി പോയിരുന്ന സ്കൂട്ടർ യാത്രക്കാരൻ കാളാംകുളം പള്ളിമുക്കിലുള്ള ഒന്നരയടിയോളം താഴ്ചയുള്ള കുഴിയിൽ വീണു.
അഞ്ചു വയസുള്ള കുട്ടി വണ്ടിയിൽനിന്ന് തെറിച്ച് റോഡിൽ വീണു. ഭാഗ്യത്തിന് കുട്ടി കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം മുൻ പ്രസിഡന്റ് റെജി കെ.മാത്യു അധ്യക്ഷത വഹിച്ചു. ഡാന്റിസ് വല്ലയിൽ, ബെന്നിപുതുശേരി, ബൈജു, കെ.പി. ഐപ്പ്, പി.കെ. രഞ്ജു, വി. രവി, റജു, ജോസ്, അബ്രഹാം വല്ലയിൽ, ജിജി, എൻ.കെ. സുരേഷ് ബാബു പ്രസംഗിച്ചു.