നെന്മാറ കെഎസ്ഇബി സെക്ഷനു കീഴിൽ മൂന്നു കിലോമീറ്റർ എബിഎസ് കേബിൾ സ്ഥാപിച്ചു
1481001
Friday, November 22, 2024 4:21 AM IST
നെന്മാറ: വൈദ്യുതി ബോർഡ് നെന്മാറ സെക്ഷനു കീഴിൽ സുരക്ഷ ഉറപ്പാക്കുന്ന എബിഎസ് കേബിളുകൾ സ്ഥാപിച്ചു. നെന്മാറ സെക്ഷന് കീഴിൽ ടൗണിൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലായി മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് എബിഎസ് കേബിളുകൾ സ്ഥാപിച്ചിരിക്കുന്നത്.
വൈദ്യുതി ലൈനുകൾ പരസ്പരം കൂട്ടിയിടിക്കാതിരിക്കാനും തീപിടിത്തം, പ്രസരണ നഷ്ടം, പരിപാലനം, സുരക്ഷ, ചെലവ് കുറവ്, കാറ്റ്, മഴ എന്നിവ മൂലം ഉണ്ടാകുന്ന വൈദ്യുതി തടസങ്ങളും ഇല്ലാതാക്കാൻ കഴിയുന്ന കേബിളുകളാണ് എബിഎസ് കേബിളുകൾ. മരങ്ങൾക്ക് ചുവടേയും ബഹുനില കെട്ടിടങ്ങൾക്ക് സമീപവും വൈദ്യുതി വിതരണം നടത്തുന്നതിന് എബിഎസ് കേബിളുകൾ സഹായിക്കുമെന്ന് വൈദ്യുത അധികൃതർ പറഞ്ഞു.
ഇതുമൂലം റോഡിനു മുകളിലും മറ്റും തലങ്ങും വിലങ്ങും വരുന്ന വൈദ്യുതി ലൈനുകളുടെ എണ്ണം കുറയ്ക്കാനും കഴിയും. ലൈനുകൾക്ക് ചുവടെ പോകുന്ന ഉയരം കൂടിയ വാഹനങ്ങൾ തട്ടിയുണ്ടാകുന്ന തീപിടിത്തവും ഇത്തരം കേബിൾ സ്ഥാപിക്കുന്നതിലൂടെ ഒഴിവാക്കാൻ കഴിയും. ആധുനിക രീതിയിലുള്ള ചെറു ഉപകരണങ്ങളുടെ സഹായത്താലാണ് കേബിളുകളിൽ നിന്ന് പുറത്തേക്ക് വീടുകളിലേക്കും തെരുവുവിളക്കുകളിലേക്കും കണക്ഷനുകൾ നൽകുന്നത്.
നിലവിലെ കേബിളുകൾ അഴിച്ചുമാറ്റി വൈദ്യുത തൂണുകൾക്ക് മുകളിലൂടെ തന്നെയാണ് കവചിതമായ കേബിളുകൾ പ്രത്യേക സംവിധാനത്തിലൂടെ സ്ഥാപിക്കുന്നത്.
ഒന്നിലധികം ഇൻസുലേറ്റഡ് ഫേസ് കണ്ടക്ടറുകൾ ഒരുമിച്ച് ബണ്ടിൽ ചെയ്യുന്ന ഓവർഹെഡ് പവർ ലൈനാണ്. എബിസി കേബിളുകൾ ഏരിയൽ ബണ്ടിൽഡ് കണ്ടക്ടറുകൾ എന്നും അറിയപ്പെടുന്നു.