അട്ടപ്പാടിയിൽ വാർഡുകളുടെ അതിർത്തിനിർണയം ഇടതുപക്ഷത്തിന്റെ താത്പര്യപ്രകാരമെന്ന് കോൺഗ്രസ്
1480446
Wednesday, November 20, 2024 4:29 AM IST
അഗളി: അട്ടപ്പാടിയിൽ വാർഡുകളുടെ അതിർത്തി പുതുക്കി നിർണയിച്ചത് സിപിഎം താത്പര്യപ്രകാരമെന്ന് അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഇലക്ഷൻ കമ്മീഷന്റെ മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് വാർഡുകളുടെ അതിർത്തി നിർണയിച്ചത്. പല വാർഡുകളും ഇടതുപക്ഷത്തിന് അനുകൂലമാക്കുന്നതിന് വേണ്ടി പ്രകൃതിദത്തമായ അതിരുകൾ ഒഴിവാക്കിയിട്ടുണ്ട്.
താവളം വാർഡിന്റെ അതിരു നിർണയിച്ചപ്പോൾ കൂക്കംപാളയം ഊര് രണ്ട് വാർഡുകളിലായി. ഷോളയൂർ പഞ്ചായത്തിലെ വരഗംപാടി ഊരിലും സ്ഥിതി മറിച്ചല്ല. പല വാർഡുകളിൽ നിന്നും ഒറ്റപ്പെട്ട് നാലും അഞ്ചും കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളെ സിപിഎം താത്പര്യപ്രകാരം അതത് വാർഡുകളിൽ തന്നെ നിലനിർത്തിയപ്പോൾ വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റർ മാത്രം ദൂരെ താമസിക്കുന്നവരെ രാഷ്ട്രീയ പ്രേരിതമായി മറ്റു വാർഡുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
വാർഡുകളിലെ വോട്ടർമാരുടെ എണ്ണവും ഭവനങ്ങളുടെ എണ്ണവും ക്രമപ്പെടുത്തണമെന്നുള്ള സർക്കാർ ഉത്തരവിന്റെ മറവിൽ ഗ്രാമസഭകളുടെയും രാഷ്ട്രീയപാർട്ടികളുടെയും പ്രതിപക്ഷ ജനപ്രതിനിധികളുടെയും താത്പര്യങ്ങൾ പരിഗണിക്കാതെ സിപിഎം നേതാക്കളുടെ താത്പര്യപ്രകാരം ഉദ്യോഗസ്ഥർ ഏകപക്ഷീയമായി നടപ്പാക്കിയ അതിർത്തിനിർണയം അനുവദിക്കില്ലെന്ന് അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം. ഹനീഫ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന അതിർത്തി പുനർനിർണയത്തിനെതിരെ പഞ്ചായത്തുകൾക്ക് മുമ്പിൽ കോൺഗ്രസ് നേതൃത്വത്തിൽ സമരം നടത്തുമെന്നും കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി ആലോചിക്കുമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.