വന്യമൃഗശല്യം: നെന്മാറ ഡിഎഫ്ഒ ഓഫീസിനു മുന്നിൽ ധർണ ഇന്ന്
1480740
Thursday, November 21, 2024 5:32 AM IST
നെന്മാറ: വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് മലയോര നിവാസികൾ കിഫയുടെ നേതൃത്വത്തിൽ ധർണയും നിവേദനവും നൽകും. ഇന്ന് ഉച്ചയ്ക്ക് 2.30 ന് നെന്മാറ അയിനംപാടം ഡിഎഫ്ഒ ഓഫീസിനു മുന്നിൽ നടക്കുന്ന ധർണ കിഫ ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. അയിലൂർ, വണ്ടാഴി പഞ്ചായത്തിലെ മലയോര കാർഷികമേഖലകളിൽ കാട്ടുമൃഗങ്ങൾ ഇറങ്ങി കൃഷിനാശവും ജനജീവിതത്തെയും തടസപ്പെടുത്തുന്നതിനും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
കുരങ്ങ്, കാട്ടുപന്നി, മാൻ, കാട്ടാന, മലയണ്ണാൻ, കരടി തുടങ്ങിയ വന്യജീവികൾ കൃഷിയിടങ്ങളിലും വീട്ടുവളപ്പുകളിലുമെത്തി നാശം ഉണ്ടാക്കുന്നതിന് പരിഹാരം കാണണമെന്നും, മേഖലയിൽ സൗരോർജ വൈദ്യുത വേലി കാര്യക്ഷമമായി രാത്രി മുഴുവൻ പ്രവർത്തിപ്പിക്കാൻ വേണ്ടുന്ന സംവിധാനം ഏർപ്പെടുത്തണമെന്നും, നിർദിഷ്ട തൂക്കുവേലി നിർമാണം വണ്ടാഴി പഞ്ചായത്തിലെ കടപ്പാറ മുതൽ അയിലൂർ വരെയും നെന്മാറ പഞ്ചായത്തുകളിലെയും മുഴുവൻ വനമേഖലയിലും നിർമാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് കിഫയുടെ നേതൃത്വത്തിൽ നിവേദനം നൽകാൻ ഒരുങ്ങുന്നത്.
ബഫർ സോൺ, ഇഎസ്ഇസഡ്, ഇഎസ്എ മേഖലകളെ ജനവാസമേഖലകളിൽ നിന്നും ഒഴിവാക്കി പുനർനിർണയിക്കുക, വന്യമൃഗങ്ങൾ മൂലം കൃഷിനാശം ഉണ്ടായ കർഷകർക്ക് ഉയർന്ന നിരക്കിൽ നഷ്ടപരിഹാരം നൽകുക, ജനപ്രതിനിധികൾ വാഹനം അനുവദിച്ച ആർആർടി സംഘത്തിന്റെ സേവനം മേഖലയിൽ ലഭ്യമാക്കണമെന്നും ആവശ്യമുണ്ട്.
നിവേദകസംഘം വന്യമൃഗശല്യം രൂക്ഷമായ കടപ്പാറ, പൊൻകണ്ടം, ഒലിപ്പാറ, അടിപ്പെരണ്ട, കരിമ്പാറ തുടങ്ങിയ മേഖലകളിലൂടെ സഞ്ചരിച്ചാണ് ഡിഎഫ്ഒ ഓഫീസിനുമുന്നിൽ ധർണയും തുടർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനവും നൽകുകയെന്ന് കിഫ ഭാരവാഹികൾ അറിയിച്ചു.