പതിനേഴുകാരനു പോലീസ് മർദനം; ആവർത്തിക്കരുതെന്നു മനുഷ്യാവകാശ കമ്മീഷൻ
1480450
Wednesday, November 20, 2024 4:29 AM IST
പാലക്കാട്: നെന്മാറ ടൗണിൽ കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന പതിനേഴുകാരനെ പോലീസ് അകാരണമായി മർദിച്ചെന്ന് പരാതിയുയർന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള കർശനനിർദേശം കീഴുദ്യോഗസ്ഥർക്കു നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
സംഭവത്തിൽ നെന്മാറ പോലീസ് സ്റ്റേഷൻ എസ്ഐക്കെതിരെ വകുപ്പുതലനടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർചെയ്ത കേസ് തീർപ്പാക്കി.
പാലക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ ആലത്തൂർ ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ട് കമ്മീഷൻ സ്വീകരിച്ചു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ഡിവൈഎസ്പി സമർപ്പിച്ചിരുന്നു.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സ്കൂൾകുട്ടികളിൽ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം നടത്തിയതെന്നു റിപ്പോർട്ടിൽ പറഞ്ഞു. പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകാൻ സാധ്യതയുള്ള ഇത്തരത്തിലുള്ള ചെറിയ വീഴ്ചകൾപോലും പോലീസിനെതിരേയുള്ള വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നു റിപ്പോർട്ടിൽ പറയുന്നു.
എസ്ഐയുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് എസ്ഐക്കെതിരേ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്കു ശുപാർശ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതലയെന്നും റിപ്പോർട്ടിലുണ്ട്.