കൃഷിയിടങ്ങളിൽ വീണ്ടുമെത്തി കാട്ടാന; പ്രത്യക്ഷ സമരത്തിനൊരുങ്ങി കർഷകർ
1480741
Thursday, November 21, 2024 5:32 AM IST
നെന്മാറ: കരിമ്പാറ കൽച്ചാടി മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി വിളകൾ നശിപ്പിച്ചു. കർഷകരായ എൽദോസ് പണ്ടിക്കുടി, അബ്ബാസ് ഒറവൻചിറ, ജി. വേണുഗോപാലൻ, അബ്രഹാം പുതുശ്ശേരി, ജി. രാധാകൃഷ്ണൻ കോപ്പൻകുളമ്പ്, എം. ഖാദർ ചേവിണി, സി. രാജു, അബ്ദുൾറഹ്്മാൻ എന്നിവരുടെ കൃഷിയിടങ്ങളിലൂടെയാണ് ബുധനാഴ്ച അർധരാത്രിമുതൽ രാവിലെ ഏഴരവരെ കാട്ടാന വിഹരിച്ച് നാശംവരുത്തിയത്.
കമുകുകൾ, റബ്ബർമരക്കൊമ്പുകൾ, കുരുമുളക് താങ്ങുവൃക്ഷങ്ങൾ, തേക്ക് എന്നിവ കുത്തിമറിച്ചിട്ട് നാശം വരുത്തിയിട്ടുണ്ട്. കമുകുതടിയുടെ ചോറും തേക്കുമരങ്ങളുടെ തൊലിയും കുരുമുളക് താങ്ങുമരങ്ങളുടെ ശിഖരങ്ങളും തൊലിയും തിന്നുനശിപ്പിച്ചു.
രാവിലെ ആറരയോടെ റബർടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന തൊഴിലാളി കുഞ്ഞൂഞ്ഞും, രഘുവും കൊമ്പുകൾ ഒടിക്കുന്ന ശബ്ദവും ആനപ്പിണ്ടത്തിന്റെ മണവും തിരിച്ചറിഞ്ഞാണ് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ചെറിയതോതിലുള്ള മൂടൽമഞ്ഞുള്ളതിനാൽ റബർതോട്ടങ്ങളിൽ അകലെനിന്ന ആനയെ തൊഴിലാളികൾക്കു കാണാനായില്ല.
സമീപതോട്ടങ്ങളിലെ ടാപ്പിംഗ് തൊഴിലാളികളായ എൽദോസ്, രതീഷ്, ജോർജുകുട്ടി എന്നിവർ പരസ്പരം ഫോണിൽ ബന്ധപ്പെട്ട് അപകട മുന്നറിയിപ്പ് നൽകുകയായിരുന്നു. തുടർന്നാണ് എല്ലാവരും ഒത്തുകൂടി ആനയെ ഒച്ചവച്ചു ഏഴരയോടെ തുരത്തിയത്.
വിവിധ കർഷകരുടെ കൃഷിയിടങ്ങളിലൂടെ ഓടിനടന്ന ആന തൊഴിലാളികൾ പിന്തുടരുന്നതുകണ്ട് അക്രമാസക്തനായി ചിന്നംവിളിച്ചു തൊഴിലാളികളെ ഓടിക്കാൻ ശ്രമിച്ചു.
ഒരുമണിക്കൂറോളം വിവിധ കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ചശേഷമാണ് കാട്ടാന കൽച്ചാടി പുഴയിലേക്കിറങ്ങി വനമേഖലയിലേക്കു കടന്നത്. രണ്ടിടത്ത് സൗരോർജ വേലിയും ആന ചവിട്ടി നശിപ്പിച്ചിട്ടുണ്ട്.