വോട്ടെടുപ്പിലെ ക്രമക്കേടുകള്‍ തടയാന്‍ സംവിധാനങ്ങൾ തയാർ: ജില്ലാ കളക്ടര്‍
1480205
Tuesday, November 19, 2024 5:32 AM IST
പാലക്കാട്: വോട്ടെടുപ്പിനിടെയുണ്ടാകാനിടയുള്ള ക്രമക്കേടുകൾ തടയുന്നതിനായി എല്ലാ സംവിധാനങ്ങളും ഉറപ്പാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര അറിയിച്ചു.
കൂടാതെ കള്ളവോട്ടും, ആള്‍മാറാട്ടവും തടയുന്നതിനും മറ്റുമായി ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും ലൈവ് വെബ്കാസ്റ്റിംഗ് ക്യാമറകള്‍ സ്ഥാപിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ജില്ലാ കളക്ടറേറ്റില്‍ കണ്ട്രോള് റൂം സജ്ജീകരിച്ച് ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേര് നിലനില്‍ക്കേ തെറ്റായ സത്യപ്രസ്താവന നല്കി പാലക്കാട് മണ്ഡലത്തില്‍ പേരു ചേര്‍ത്തിയിട്ടുള്ളതായി കണ്ടെത്തിയ വോട്ടര്‍മാര്‍ വോട്ടുചെയ്തിട്ടുണ്ടെന്നു തെളിയുകയാണെങ്കില്‍ അത്തരക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചു കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് മണ്ഡലത്തിലെ 184 ബൂത്തുകളിലെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളായ ബൂത്ത് ലവല്‍ ഏജന്റുമാരുടെയും യോഗം നവംബര്‍ 13, 14 തീയതികളിലായി വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൂടിയിട്ടുള്ളതും വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുള്ളതുമാണ്. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക സൂക്ഷ്മമായി പരിശോധിച്ച് പാലക്കാട് മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന കോങ്ങാട്, മലമ്പുഴ, തരൂര്‍, ചിറ്റൂര്‍, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ പേരുകള്‍, പാലക്കാട് മണ്ഡലത്തിലെ അതിര്‍ത്തി മേഖലയിലുള്ള 23 പോളിംഗ് സ്റ്റേഷനുകളില്‍ കടന്നുകൂടിയിട്ടുണ്ടോയെന്നു പ്രത്യേകമായി പരിശോധിക്കുന്നതിനായി കളക്ടറേറ്റിലെ ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥരെ നിയോഗിച്ച് ഇക്കഴിഞ്ഞ 16,17ന് പ്രത്യേക സൂക്ഷ്മ പരിശോധനയും നടത്തിയിരുന്നതായി കളക്ടർ വ്യക്തമാക്കി.