ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളോടുള്ള അവഗണന അവസാനിപ്പിക്കണം: പെയ്ഡ്
1481000
Friday, November 22, 2024 4:21 AM IST
പാലക്കാട്: സ്പെഷൽ സ്കൂളിൽ പഠിക്കുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പെയ്ഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്പെഷൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി നേതൃത്വ ശില്പശാലയും, ബോധവത്കരണ ക്ലാസും മുട്ടിക്കുളങ്ങര ജ്യോതിനിലയം സ്പെഷൽ സ്കൂളിൽ സംഘടിപ്പിച്ചു.
ജില്ലാ സാമൂഹ്യനീതി ക്ഷേമ ഓഫീസർ സമീർ മച്ചിങ്ങൽ ശില്പശാല ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി അവകാശനിയമം 2016, ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന വിവിധ അവകാശങ്ങളും ആനുകൂല്യങ്ങളും, ലീഗൽ ഗാർഡിയൻഷിപ്പ്, സ്പെഷൽ സ്കൂളുകൾ നേരിടുന്ന പ്രതിസന്ധികൾ എന്നിവയെകുറിച്ച് ക്ലാസും ചർച്ചകളും നടന്നു. ജില്ലയിൽ അപേക്ഷിച്ചവർക്ക് യുഡിഐഡി കാർഡ് നൽകാൻ കാലതാമസം നേരിടുന്നത് അടിയന്തരമായി പരിഹരിക്കണമെന്നും 18 വയസിൽ താഴെ 8 കുട്ടികൾ എങ്കിലും പഠിക്കുന്ന സ്പെഷൽ സ്കൂളുകൾക്ക് അംഗീകാരവും ഗ്രാന്റും നൽകണമെന്നും 18 വയസ് കഴിഞ്ഞ കുട്ടികൾക്ക് തുടർപരിശീലനത്തിനായി ജില്ലയിലെ എല്ലാ സ്പെഷൽ സ്കൂളുകളിലും സർക്കാർ ഗ്രാന്റ് നൽകി വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ തുടങ്ങാൻ അനുമതി നൽകണമെന്നും ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ അർഹമായ സ്കോളർഷിപ്പുകൾ നിഷേധിച്ച് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. പെയ്ഡ് ജില്ലാ പ്രസിഡന്റ് ജോമി ജോർജ് അധ്യക്ഷനായി.
പെയ്ഡ് സംസ്ഥാന പ്രസിഡന്റ് കെ.എം. ജോർജ്, സംസാന സെക്രട്ടറി അഡ്വ. ബോബി ബാസ്റ്റ്യൻ, സംസ്ഥാന ട്രഷറർ ജന്നി തോമസ്, പെയ്ഡ് കോ-ഓർഡിനേറ്റർ സിസ്റ്റർ പൗളിൻ, സിസ്റ്റർ ആൻ തെരേസ് എന്നിവർ ഭിന്നശേഷി അവകാശനിയമം 2016 ബുദ്ധി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും സ്പെഷൽ സ്കൂളുകൾ നേരിടുന്ന പ്രതിസന്ധികൾ ഭിന്നശേഷി സൗഹൃദ ജീവിതം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ജില്ലാ സെക്രട്ടറി കെ.പി. എലിയാസ് സ്വാഗതവും ശാന്തകുമാരി നന്ദിയും പറഞ്ഞു.