ആദിയിൽ തരുമിത്ര ഇക്കോ ഫെസ്റ്റും ആദിവാസിമേളയും നാളെമുതൽ
1480732
Thursday, November 21, 2024 5:32 AM IST
അഗളി: അട്ടപ്പാടി മട്ടത്തുകാട് ആദി ഇക്കോ ട്രൈബൽ സെന്റർ സംഘടിപ്പിക്കുന്ന പതിമൂന്നാം ദേശീയ തരുമിത്ര ഇക്ക ോഫെസ്റ്റും ആദിമേളയും നാളെയും മറ്റന്നാളും ആദി അങ്കണത്തിൽ നടക്കും.
നാളെ രാവിലെ എട്ടരയ്ക്കു ആരംഭിക്കുന്ന ദേശീയ തരുമിത്ര ഇക്കോ ഫെസ്റ്റ് സൈലന്റ് വാലി നാഷണൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ വർഗീസ് ഉദ്ഘാടനം ചെയ്യും. ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി അധ്യക്ഷത വഹിക്കും. ഡോ. സാന്ദ്രെ ആലം ന്യൂഡൽഹി, സിറാജ്, സിനിമോൾ, ക്രിസ്പിൻ ജിനോബ്, കുമാരി ശ്രീസന എന്നിവർ ആശംസകൾ നേരും. ആദി ഡയറക്ടർ റഫിൻ കമൽ സ്വാഗതവും ആദി കോ-ഓർഡിനേറ്റർ പി.എസ്. നവീൻ നന്ദിയും പറയും.
തുടർന്ന് പരിസ്ഥിതിസംഘഗാനം, പ്രസംഗം, പരിസ്ഥിതി ക്വിസ്, ചിത്രരചന, മോണോ ആക്ട്, കൈയ്യെഴുത്തു മാസിക, ഉപന്യാസരചന, കവിതാ രചന തുടങ്ങി വിവിധ പരിപാടികൾ നടത്തും. 23ന് രാവിലെ എട്ടരയ്ക്ക് വട്ടലക്കി ചൊറിയ മൂപ്പന്റെ ഗോത്രപൂജയോടെ ദേശീയ ആദിവാസിമേള ആരംഭിക്കും.
അടിമാലി അസിസ്റ്റന്റ് ട്രൈബൽ ഡിപ്പാർട്ട്മെന്റ് ഓഫീസർ കന്തസ്വാമി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ അധ്യക്ഷത വഹിക്കും. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ മുഖ്യാതിഥിയാവും. സുൽത്താൻപേട്ട ബിഷപ് ഡോ. അബീർ അന്തോണി സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. സമൂഹത്തിന്റെ വിവിധതുറയിലെ പ്രമുഖർ പങ്കെടുക്കും. ജാർഖണ്ഡ്, ആന്ധ്ര, തമിഴ്നാട്, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോത്രവർഗക്കാർ മേളയിൽ കലാപരിപാടികൾ അവതരിപ്പിക്കും. ആദി അസിസ്റ്റന്റ് ഡയറക്ടർ ഫാ.ഡോ. ലെനിൻ ആന്റണി എസ്ജെ സ്വാഗതവും ആദി സ്റ്റാഫ് എം. ഉമ നന്ദിയും പറയും.