പുലിശല്യം: വനംവകുപ്പിന് പരാതി നൽകി
1480736
Thursday, November 21, 2024 5:32 AM IST
അഗളി: അട്ടപ്പാടിയിൽ വർധിച്ചുവരുന്ന പുലിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുജനങ്ങളും അടങ്ങിയ സംഘം മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിൽ റേഞ്ച് ഓഫീസറുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി.
അഗളി പഞ്ചായത്തിലെ ഗൂളിക്കടവ് വൈദ്യർ കോളനി, പൂവാത്ത കോളനി പ്രദേശത്ത് വളർത്തുമൃഗങ്ങളെ പുലിപിടിക്കുന്നത് നിത്യസംഭവമാണ്. ഗൂളിക്കടവിൽ ഗായിക നഞ്ചിയമ്മയുടെ വീടിന്റെ പിൻഭാഗത്ത് ഒരാഴ്ചയ്ക്കുള്ളിൽ ഏഴു വളർത്തുമൃഗങ്ങളെ പുലി കൊന്നുതിന്നു. കാട്ടുമൃഗശല്യം അനുദിനം വർധിച്ചുവരികയാണെന്നും വന്യമൃഗശല്യത്തിന് അടിയന്തര നടപടി ഉണ്ടാകണമെന്നും സംഘം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും ആർആർടി യുടെ പ്രവർത്തനം ഊർജിപ്പെടുത്തുമെന്നും പ്രദേശത്ത് സിസിടിവി സ്ഥാപിക്കുമെന്നും വനം അധികൃതർ ഉറപ്പുനൽകിയതായി ജനപ്രതിനിധികൾ പറഞ്ഞു.
നഞ്ചിയമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, പഞ്ചായത്ത് അംഗം പരമൻ എന്നിവ അടങ്ങിയ സംഘമാണ് പരാതി നൽകിയത്.