ആനക്കട്ടിയിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, നടപടി
1480743
Thursday, November 21, 2024 5:32 AM IST
അഗളി: ഷോളയൂർ ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രങ്ങളും ഷോളയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി ആനക്കട്ടി പ്രദേശങ്ങളിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽപരിശോധന നടത്തി.
വൃത്തിഹീനമായ സാഹചര്യമുണ്ടെന്ന കണ്ടെത്തലിൽ രണ്ടു കടകൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകുകയും വൃത്തിഹീനമായ പ്രവർത്തിച്ചിരുന്ന പലചരക്കുകട അടപ്പിക്കുകയും ചെയ്തു.
പലചരക്കുകടയുടെ പരിസരത്തുനിന്നും വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന 150 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
ഷോളയൂർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് തുടർനടപടികൾക്കായി കൈമാറി. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും പൊതുസ്ഥലത്ത് പുകവലിച്ചതിന്റെയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വില്പന നടത്തിയതിന്റെയും പേരിൽ 5200 രൂപ പിഴ ചുമത്തുകയും ചെയ്തു.
കാലാവധി രേഖപ്പെടുത്താത്ത ഭക്ഷ്യ സാധനങ്ങൾ വ്യാപകമായി വിതരണം ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇത്തരം വസ്തുക്കൾ വിതരണം ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. കാളിസ്വാമിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പതിനൊന്നു കടകളിൽ മിന്നൽ പരിശോധന നടത്തി.
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷേർലി, ഗോപകുമാർ, അഗിൽ ജോയ്, പ്രീത,ശരണ്യ,നിഷാന്തിനി, ഷോളയൂർ പഞ്ചായത്ത് ക്ലർക്ക് രമ എന്നിവർ പങ്കെടുത്തു.