കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ തീറ്റതേടി തമിഴ്നാട്ടിൽനിന്നും താറാവുകൂട്ടം എത്തി
1480737
Thursday, November 21, 2024 5:32 AM IST
ചിറ്റൂർ: മേച്ചിൽപ്പുറങ്ങൾ തേടി തമിഴ്നാട്ടിൽ നിന്ന് താറാവുകൂട്ടങ്ങൾ നല്ലേപ്പിള്ളി കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങളിലെത്തി. തമിഴ്നാട് വേലൂർ ജില്ലയിലെ തിരുപ്പത്തൂർ നിന്നാണ് താറാവുകൾ എത്തിയത്. യന്ത്രകൊയ്ത്തിൽ ധാരാളം നെല്ല് കൊഴിഞ്ഞുവീണതും ഞണ്ടും തവളയും മറ്റു ചെറുജീവികളും പാടങ്ങളിൽ ധാരാളമുള്ളതും താറാവുകൾക്ക് ചാകരയായി. ഒരു താറാവിൻകൂട്ടത്തിൽ 1000 ൽ കൂടുതൽ എണ്ണം ഉണ്ടാകും.
നെൽപ്പാടങ്ങളുടെ പരിസരത്തുള്ള പറമ്പുകളിൽ വലകെട്ടി വളച്ച കൂട്ടിനുളളിൽ മേച്ചിൽ കഴിഞ്ഞു വരുന്ന താറാവുകളെ കയറ്റും. സമീപത്തു തന്നെ ടാർപോളിൻ ഷീറ്റുകൊണ്ട് ഷെഡ് ഉണ്ടാക്കി ഉടമയും ജോലിക്കാരും താമസിക്കും. കർഷകർക്കാണെങ്കിൽ കൊഴിഞ്ഞുവീണ നെല്ല് കളയായി മാറാതെ താറാവു തിന്നുതീർക്കും. കൂടാതെ ഇളംനടീൽ കഴിഞ്ഞ നെൽച്ചെടികൾ ഞണ്ടു വെട്ടി മുറിച്ചിടും. താറാവ് ഞണ്ട് പിടിക്കുന്നതോടെ അത് ഒഴിവാകും. താറാവ് രാത്രിയിൽ വിസർജിക്കുന്നത് വളമാകുകയും ചെയ്യും.
താറാവിന്റെ കാഷ്ഠം നെൽച്ചെടിക്ക് ഗുണമാകുമെന്ന് പാടശേഖരസമിതി സെക്രട്ടറി വി. രാജൻ അറിയിച്ചു. 1000 താറാവുള്ള ഒരുകൂട്ടത്തെ ഒരു ഏക്കർ നെൽപ്പാടത്ത് ഇറക്കും. ആഴ്ചയിൽ ഒരുദിവസം താറാവുകളെ സമീപത്തുള്ള കുളങ്ങളിൽ ഇറക്കി കുളി നടത്തിക്കും.1000 താറാവുള്ള ഒരു കൂട്ടത്തിൽ നിന്ന് പരമാവധി 700 മുട്ട വരെ ലഭിക്കും.