മന്ദംപുള്ളി പാതയിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിട്ടും ഫലമില്ലെന്ന് ആക്ഷേപം
1480992
Friday, November 22, 2024 4:21 AM IST
കൊല്ലങ്കോട്: വാഹനഅപകടങ്ങളും മരണങ്ങളും തുടർക്കഥയായ മന്ദംപുള്ളി പാതയിൽ വേഗത കുറക്കാൻ പൊതുമരാമത്ത് എർപ്പെടുത്തിയ സ്പീഡ് ബ്രേക്കറും ലക്ഷ്യം പാളി.
ഇത് സ്ഥാപിച്ച ശേഷവും വാഹനങ്ങൾ ഇരുവശത്തേക്കും മിന്നൽ വേഗത്തിലാണ് പരക്കം പായുന്നത്. ഇത്തരം വാഹനങ്ങൾ മിക്കതും സ്ഥലപരിചയമില്ലാതെ ദൂരദിക്കിൽ നിന്നും എത്തുന്നവയാണ്.
വാഹനങ്ങൾ നേർക്ക് കൂട്ടിയിടിച്ചും നിയന്ത്രണംവിട്ടു മറിഞ്ഞും 12 ൽപ്പരം മരണങ്ങൾ ഇതിനകം നടന്നുകഴിഞ്ഞു.
കാലവർഷം ആരംഭിച്ചാൽ മന്ദംപുള്ളി പാതയിൽ വാഹനഅപകടങ്ങൾ നിത്യസംഭവമാണ്. ഈ സ്ഥലത്ത് സ്വകാര്യബസ്, ടാങ്കർ, ലോറി, കാർ ഉൾപ്പെടെ വാഹനങ്ങൾ വയലിൽ മറിഞ്ഞു വീണ അപകടങ്ങൾ പലതവണ നടന്നിട്ടുണ്ട്. പ്രദേശത്തെ അപകടങ്ങൾ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന യാത്രക്കാരുടേയും സമീപവാസികളുടേയും മുറവിളി വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
കൊല്ലങ്കോട് - പുതുനഗരം പ്രധാന പാതയെന്നതിനാൽ ഇടതടവില്ലാതെ രാപ്പകൽ വാഹന സഞ്ചാരമുള്ള പാതയിലാണ് അപകടം പതിയിരിക്കുന്നത്. ഇക്കഴിഞ്ഞദിവസം പൊതു പ്രവർത്തകൻ ഊട്ടറ ഷൺമുഖൻ ചിറ്റൂർ താലൂക്ക് വികസന സമിതി ചെയർമാന് മന്ദംപുള്ളി പാതയിൽ ശാസ്ത്രീയമായി നവീകരണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്നത്തിന് പരിഹാര നടപടിക്ക് യോഗം അധ്യക്ഷൻ കെ. ബാബു താലൂക്ക് തഹസിൽദാർക്ക് നിർദേശം നൽകിയിരുന്നു.