വാണിയംകുളത്ത് ജൽജീവൻ മിഷന്റെ പൈപ്പിടൽ ഉടൻ പൂർത്തിയാക്കും
1480209
Tuesday, November 19, 2024 5:32 AM IST
ഒറ്റപ്പാലം: വാണിയംകുളം ഗ്രാമപഞ്ചായത്തിൽ ജൽജീവൻമിഷന്റെ പൈപ്പിടൽ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും. പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
ഒന്നാംഘട്ടത്തിൽ കുടിവെള്ളവിതരണത്തിനായി പൈപ്പിടൽ പൂർത്തിയാക്കാത്ത പ്രദേശങ്ങളിലാണ് രണ്ടാംഘട്ടത്തിൽ പൈപ്പുകൾ സ്ഥാപിക്കുന്നത്.
ഒന്നാംഘട്ടത്തിൽ 153 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പിട്ടത്. രണ്ടാംഘട്ടത്തിൽ 52 കിലോമീറ്ററാണ് വിതരണശൃംഖല സ്ഥാപിക്കുന്നത്.
വാണിയംകുളം പഞ്ചായത്തിൽ 7,541 കുടിവെള്ള കണക്ഷനുകളാണ് നൽകേണ്ടത്. ഇതിൽ ഒന്നാംഘട്ടത്തിൽ 3,553 കണക്ഷനുകൾ നൽകിയതായി അധികൃതർ പറഞ്ഞു.
രണ്ടാംഘട്ടത്തിന്റെ പണികൾ തുടങ്ങിയതോടെ 348 കണക്ഷനുകളും നൽകിയിട്ടുണ്ട്. വേനലിൽ കുടിവെള്ളപ്രശ്നം നേരിടുന്ന പഞ്ചായത്താണ് വാണിയംകുളം.
ജൽജീവൻമിഷൻ വഴിയാണ് എല്ലാവീട്ടിലേക്കും വെള്ളമെത്തിക്കുന്നത്.
നിലവിൽ കൂനത്തറ, ചെറുകാട്ടുപുലം, പോണാട്, മനിശീരി, വാണിയംകുളം, വെള്ളിയാട് പ്രദേശങ്ങളിലേക്ക് കുടിവെള്ളവിതരണം തുടങ്ങിയിട്ടുണ്ട്.
1,153 വീടുകളിൽ ബില്ലുകളും നൽകിത്തുടങ്ങി.
ഷൊർണൂർ, വാണിയംകുളം സമഗ്ര കുടിവെള്ളപദ്ധതിയുടെ ജലശുദ്ധീകരണശാലയിൽനിന്നാണ് വാണിയംകുളത്തേക്ക് കുടിവെള്ളമെത്തിക്കുന്നത്.
ഷൊർണൂരിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം കുളപ്പുള്ളിയിലെ ജലസംഭരണിയിൽ ശുദ്ധീകരിച്ചാണ് ആറാണിയിലുള്ള ബൂസ്റ്റർ പമ്പ്ഹൗസ് വഴി പനയൂർ വെള്ളാരംപാറയിലെ ജലസംഭരണിയിലേക്ക് എത്തിക്കുന്നത്.
തുടർന്ന് ഇവിടെനിന്നാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണംചെയ്യുന്നത്.
6.2 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയാണ് നിലവിലുള്ളത്.
ഒന്നാംഘട്ടത്തിൽ പൈപ്പിടൽ പൂർത്തിയായ റോഡുകൾ നവീകരിക്കുന്നതിന് ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ ദർഘാസ് നടപടികളും തുടങ്ങി.
രണ്ടാഘട്ടത്തിൽ പൈപ്പിടൽ പൂർത്തിയായാൽ ഇതേകരാറിൽ റോഡുകളുടെ നവീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിനാൽ, പണികൾ പൂർത്തിയായി ജലവിതരണം തുടങ്ങിയാൽ പൊളിച്ച റോഡുകൾ പുനഃസ്ഥാപിക്കും.
എട്ടുമാസംകൊണ്ട് പഞ്ചായത്തിലെ കുടിവെള്ളവിതരണശൃംഖല പൂർത്തിയാക്കാനാണ് തീരുമാനം.