ഒറ്റപ്പാലത്തു വൈദ്യുതി ലൈൻ കവചിത കേബിളാക്കി മാറ്റും
1480208
Tuesday, November 19, 2024 5:32 AM IST
ഒറ്റപ്പാലം: 10.83 കോടി രൂപ ചെലവിൽ ഒറ്റപ്പാലം കെഎസ്ഇബി ലൈൻ കവചിത കേബിളുകളാക്കി മാറ്റുന്നു. വൈദ്യുതിവിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഒറ്റപ്പാലം കെഎസ്ഇബി സെക്ഷനിൽ എച്ച്ടി വൈദ്യുതിലൈൻ കവചിത കേബിളുകളാക്കി മാറ്റുന്നത്. ഇതിന് 10.83 കോടി രൂപയാണ് ചെലവ്. സെക്ഷൻ പരിധിയിൽ രണ്ടു മേഖലകളിലായി ഏകദേശം 11 കിലോമീറ്റർ ദൂരത്തിലാണു പദ്ധതി.
കണ്ണിയംപുറം പനമണ്ണ റോഡ് മുതൽ വട്ടനാൽ വരെയും കയറമ്പാറ സബ്സ്റ്റേഷൻ മുതൽ തെന്നടി ബസാർ വരെയുമാണു കവചിത കേബിളുകൾ സ്ഥാപിക്കുന്നത്.നിലവിലുള്ള അലുമിനിയം കേബിളുകൾ മാറ്റുന്ന പ്രവർത്തനങ്ങൾ പനമണ്ണയിൽ തുടങ്ങി. വൈദ്യുതി ബന്ധം വിഛേദിച്ചുചെയ്യേണ്ട പ്രവർത്തനങ്ങളായതിനാൽ ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കുക.
വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. കേബിളുകൾ സ്ഥാപിക്കുന്നതിനൊപ്പം വൈദ്യുതിത്തൂണുകളിൽ വയറുകൾ ഘടിപ്പിക്കുന്ന കോമ്പോസിറ്റ് പിന്നുകളും ഇതോടൊപ്പം മാറ്റും. കാലപ്പഴക്കം ബാധിച്ച വൈദ്യുതിത്തൂണുകളും മാറ്റി സ്ഥാപിക്കും. ലൈനുകൾക്കു മുകളിൽ മരച്ചില്ലകളോ മറ്റോ വീണാലും വൈദ്യുതി തടസപ്പെടില്ലെന്നതും അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നതുമാണു സവിശേഷത. ജനുവരിയോടെ പദ്ധതി പൂർത്തിയാക്കാനാണു ശ്രമം.