ഒറ്റപ്പാലം താലൂക്കാശുപത്രി കാന്റീൻ പ്രവർത്തനം അവസാനിപ്പിക്കുന്നു
1480735
Thursday, November 21, 2024 5:32 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്കാശുപത്രി കാന്റീൻ വീണ്ടും അടച്ചുപൂട്ടൽ ഭീഷണിയിൽ. പത്തുമാസത്തിനുശേഷമാണ് താലൂക്കാശുപത്രി കാന്റീൻ നടത്തിപ്പ് വീണ്ടും പ്രതിസന്ധിയിലായത്. ആശുപത്രിയിലെത്തുന്നവർക്ക് പുറത്തുനിന്നുള്ള ഹോട്ടലുകാർ ഭക്ഷണം എത്തിച്ച് വിതരണം ചെയ്യുന്നതാണ് കാന്റീനിന്റെ നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്നത്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാന്റീൻ കരാറുകാരൻ ആശുപത്രി മാനേജ്മെന്റ് സമിതി അധ്യക്ഷയായ നഗരസഭാധ്യക്ഷ കെ. ജാനകിദേവിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇത് നിർത്തലാക്കിയില്ലെങ്കിൽ സ്ഥാപനം തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചിട്ടും നടപടിയില്ലെന്നും കത്തിൽ പറയുന്നു.
ഏറ്റെടുത്ത് നടത്താൻ ആളില്ലാതെ ഒരു വർഷമായി അടഞ്ഞുകിടന്നിരുന്ന കാന്റീൻ പുതിയ കരാറുകാരന്റെ നേതൃത്വത്തിൽ കഴിഞ്ഞമാസം പത്തുമുതലാണ് തുറന്നത്. പ്രതിമാസം 27,000 രൂപ വാടക പ്രകാരമാണ് പ്രവർത്തനം. ആശുപത്രിയുടെ പുറത്തുള്ള ഹോട്ടലുകാർ വാർഡുകൾ തോറും കയറിയിറങ്ങി ഓർഡർ എടുത്ത് ഭക്ഷണം എത്തിച്ച് നൽകുന്നുവെന്നാണ് ആരോപണം. ഇത് കാന്റീൻ നടത്തിപ്പ് നഷ്ടത്തിലാക്കുന്നു.
ഏഴോളം ജീവനക്കാരെവെച്ചാണ് കാന്റീൻ പ്രവർത്തിപ്പിക്കുന്നത്. ആവശ്യമായ സാധനസാമഗ്രികൾക്കടക്കം വലിയ സംഖ്യ ചെലവാക്കിയിട്ടുമുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നിസഹകരണത്തെത്തുടർന്ന് സ്ഥാപനം പൂട്ടേണ്ടി വരികയാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കരാറുകാരൻ വ്യക്തമാക്കുന്നു. നേരത്തെ 55,000 രൂപയായിരുന്നു വാടക. കാന്റീൻ നടത്തിപ്പിന് കരാറുകാരെ കിട്ടാതായതോടെ 27,000 രൂപയായി കുറച്ചതാണ്.