ഒറ്റപ്പാലം ബസ് സ്റ്റാൻഡ് പഴയ കെട്ടിടം ഉടൻ പൊളിക്കാൻ തീരുമാനം
1480733
Thursday, November 21, 2024 5:32 AM IST
ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡിലെ പഴയ കെട്ടിടം ഉടൻ പൊളിച്ചുമാറ്റും. ബലക്ഷയമെന്നു വിദഗ്ധ സംഘത്തിന്റെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. സ്റ്റാൻഡിന്റെ വടക്കുഭാഗത്തു പ്രധാന പാതയോരത്തെ കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നു തൃശൂർ ഗവ. എൻജിനീയറിംഗ് കോളജിലെ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തത്തിയിരുന്നു.
ഈ റിപ്പോർട്ട് നഗരസഭയ്ക്കു മുമ്പിലുണ്ട്. നാലുപതിറ്റാണ്ടിലേറെ പഴക്കമുള്ള ഇരുനിലവ്യാപാര സമുച്ചയമാണിത്. ബലക്ഷയത്തിന്റെ ലക്ഷണങ്ങൾ ഏറെയുള്ള കെട്ടിടം പൊളിച്ചുനീക്കാനാണു നഗരസഭയുടെയും തീരുമാനം. ഇതിനു മുന്നോടിയായിട്ടായിരുന്നു വിദഗ്ധ സംഘത്തെ നിയോഗിച്ചത്. പത്തുവർഷംമുൻപുതന്നെ കെട്ടിടത്തിന്റെ മുകൾ നിലയിൽ കാലപ്പഴക്കത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു.
അന്നു വ്യാപകമായി ചോർന്നൊലിച്ചിരുന്ന മുറികളിൽ സീലിംഗിൽനിന്നു കോൺക്രീറ്റും പലതവണ അടർന്നുവീണിരുന്നു. അക്കാലത്തു കെട്ടിടത്തിനു മുകളിൽ ഷീറ്റ് മേഞ്ഞാണു നഗരസഭ താത്കാലിക പരിഹാരം കണ്ടിരുന്നത്. പിന്നീടു കെട്ടിടത്തിനു പുറത്തുംഅകത്തും കോൺക്രീറ്റ് കഷണങ്ങൾ വീഴുന്നതു പതിവായി. കെട്ടിടത്തിൽ കോൺക്രീറ്റിനുപയോഗിച്ചിരുന്ന ഇരുമ്പുകമ്പികൾ പോലും തുരുമ്പെടുത്തു ദുർബലപ്പെട്ട നിലയിലാണെന്നതടക്കം റിപ്പോർട്ടിൽ പരാമർശമുള്ളതായാണു വിവരം.
സ്റ്റാൻഡിനോടുചേർന്നു പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായതിനു പിന്നാലെയാണു കാലപ്പഴക്കം ബാധിച്ച കെട്ടിടം പൊളിച്ചുനീക്കാൻ നഗരസഭ തീരുമാനിച്ചത്. കെട്ടിടത്തിൽ നിലവിൽ ധനകാര്യസ്ഥാപനം ഉൾപ്പെടെ ഇരുപതോളം സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെ നഗരത്തിൽ ടിബി റോഡിലെ പഴയ മാർക്കറ്റ് കെട്ടിടത്തിനും ബലക്ഷയമുണ്ട്. അതേസമയം, മാർക്കറ്റിലെ പുതിയ കെട്ടിടത്തിൽ പ്രശ്നങ്ങളിലെന്നാണു കണ്ടെത്തൽ.