നാല്പതിന്റെ നിറവിൽ നിശബ്ദ താഴ്വര
1480441
Wednesday, November 20, 2024 4:28 AM IST
ഉണ്ണികൃഷ്ണൻ മണ്ണാർക്കാട്
മണ്ണാർക്കാട്: 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ നിശബ്ദ താഴ്വരയ്ക്ക് 40 തികഞ്ഞു. 1984 നവംബർ 15 നാണ് സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത്. പ്രധാനമന്തിയായിരുന്ന ഇന്ദിരാഗാന്ധിയാണ് സൈലന്റ് വാലിയെ ദേശീയ ഉദ്യാനമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്. റോബർട്ട് വൈറ്റ് ആണ് സൈലന്റ് വാലിയെ നിശബ്ദ താഴ്വര എന്ന് വിളിച്ചത്.
2009 ൽ തപാൽസ്റ്റാമ്പിൽ ഉൾപ്പെടെ ഇടം നേടിയ സൈലന്റ് വാലി ഭാരതത്തിന്റെ അകത്തും പുറത്തും ഏറ്റവും പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടുന്ന നിത്യഹരിതവനവും മഴക്കാടുകളും ഉള്ളതാണ്. നീലഗിരി മലനിരകളിലെ തെക്ക് പടിഞ്ഞാറൻ മൂലയിൽ നിന്നും തെക്ക് ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുന്ന മലനിരകളാണ് സൈലന്റ് വാലി (സൈരന്ധ്രി) എന്ന പച്ച പരവതാനി വിരിച്ച ഈ മലനിര. ആകെ 237.52 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സൈലന്റ് വാലി ഡിവിഷനിലെ സൈലന്റ് വാലി നാഷണൽ പാർക്ക് റേഞ്ചിലാണ് ഇതിന്റെ പരിപാലനചുമതല നിർവഹിച്ചു പോരുന്നത്.
89.52 ചതുരശ്രകിലോമീറ്റർ ദേശീയ ഉദ്യാനം, 54 ചതുരശ്രകിലോമീറ്റർ കരുതൽ മേഖലയും ഉൾപ്പെടെ ആകെ 143.52 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള സൈലന്റ് വാലി നാഷണൽ പാർക്ക് റേഞ്ചും കരുതൽ മേഖലയായ 94 ചതുരശ്രകിലോമീറ്ററും ഉൾപ്പെടുത്തി ഭവാനി എന്നീ രണ്ട് റേഞ്ചുകളാണ് സൈലന്റ് വാലി ഡിവിഷൻ. ഇതിന്റെ കിഴക്കുഭാഗം അട്ടപ്പാടി വനം റേഞ്ചും തെക്ക് പടിഞ്ഞാറെ ഭാഗം മണ്ണാർക്കാട് വനം റേഞ്ചും വടക്ക് പടിഞ്ഞാറ് ഭാഗം നിലമ്പൂർ സൗത്ത് ഡിവിഷൻ വനഭാഗങ്ങളും തമിഴ്നാടിന്റെ മുക്കുറുത്തി ദേശീയ ഉദ്യാനവുമാണ്.
1842 ൽ ബ്രിട്ടീഷുകാർ വളക്കാട് മലനിരകളിൽ 40 ഹെക്ടർ സ്ഥലത്ത് വനം വെട്ടിമാറ്റി കാപ്പിച്ചെടികൾ നട്ടുപിടിപ്പിക്കുകയും അത് പരാജയപ്പെട്ടപ്പോൾ 1843 ൽ ഉപേക്ഷിക്കുകയും ചെയ്തു. 1914 ൽ ഈ പ്രദേശം റിസർവ് വനമായി പ്രഖ്യാപിച്ചു. 1928-29 കാലഘട്ടത്തിൽ കുന്തിപ്പുഴയിൽ ജലവൈദ്യുതപദ്ധതി സ്ഥാപിക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുകയും പിന്നീട് 1980 ൽ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു. സൈലന്റ് വാലി വളരെയധികം പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ്. നിത്യഹരിതവനങ്ങൾ, ആർദ്രമായ ഇല പൊഴിയുന്ന കാടുകൾ, ചോലക്കാട്, പുൽമേടുകൾ ഉൾപ്പെടെ 11 വ്യത്യസ്ത ഇനം വനങ്ങളുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, ഇന്ത്യൻ ഉപദ്വീപിൽ മാത്രം കണ്ടുവരുന്ന 15 ഇനം ഉൾപ്പെടെ 205 ഇനം പക്ഷികൾ, 203 ചിത്രശലഭങ്ങൾ, 13 ഇനം മത്സ്യങ്ങൾ, 91 ഇനം തുമ്പികൾ, കൂടാതെ ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, നാലിനം മാനുകൾ, അഞ്ചിനം കുരങ്ങുകൾ, വരയാടുകൾ കൂടാെ ഹരിതഭംഗിയും ലോകത്ത് എവിടേയും കാണാത്ത 1300 അപൂർവ സസ്യങ്ങളും ഔഷധ സസ്യങ്ങളും പൂക്കളുമെല്ലാം ഇവിടെയുണ്ട്.
സൈലന്റ് വാലി വനമേഖലയിൽ കുറുംബർ, മുഡുകർ, ഇരുളർ, കാട്ടുനായ്ക്കർ എന്നിങ്ങനെ നാല് ആദിവാസി വിഭാഗങ്ങളുണ്ട്. നീർത്തടങ്ങളാൽ സമ്പുഷ്ടമായ വനപ്രദേശമാണ് സൈലന്റ് വാലി.
പ്രധാന നദികളായി ഉത്ഭവിച്ച് എത്തുന്നത് കുന്തിപ്പുഴ, ഭവാനിപ്പുഴ, കോട്ടപ്പുഴ, ഒലിപ്പുഴ എന്നിവയാണ്. കുന്തിപ്പുഴ ഭാരതപ്പുഴയിലും ഭവാനിപ്പുഴ കാവേരിയിലും കോട്ടപ്പുഴ ചാലിയാറിലും ഒലിപ്പുഴ കടലുണ്ടിപ്പുഴയിലും ചേരും.
ഇവിടെ ഇക്കോ ടൂറിസം, സൈരന്ധ്രി സഫാരി, കരുവാര വെള്ളച്ചാട്ടം, ട്രക്കിംഗ്, കീരിപ്പാറ ഇക്കോ ടൂറിസം, ബൊമ്മിയാംപടി പാക്കേജ്, റിവർഹട്ട്, പെയ്ഡ് ക്യാമ്പുകൾ എന്നിവയുണ്ട്.