ചിറ്റൂരിലേക്ക് ബംഗാളിൽനിന്നും നടീൽപണിക്ക് കുടുംബസമേതം തൊഴിലാളികൾ എത്തി
1480210
Tuesday, November 19, 2024 5:32 AM IST
ചിറ്റൂർ: നെൽകൃഷി നടീൽപണി നടത്താൻ ബംഗാളികൾ കുടുംബസമേതം താലൂക്കിൽ എത്തിതുടങ്ങി. അനവസരത്തിൽ നടത്തിയ കനാൽപണിയും പുല്ലുവെട്ടലും നവീകരണവുംമൂലം വെള്ളംകിട്ടാൻ വൈകി.
ഭൂരിപക്ഷം കർഷകർക്കും ഉഴവുനടത്തലും പുല്ലുവെട്ടലും കളപണിയും നടീലും ഒരുമിച്ചായത് കർഷകർക്ക് മറ്റു സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വന്നു. ഒരുഏക്കർ നടീൽ നടത്താൻ 4500 രൂപയാണ് നൽകുന്നത്.
രാവിലെ ആറിന് പാടത്ത് എത്തും. വൈകുന്നേരം വരെ പണിചെയ്യും. പരമാവധി ഒരാൾക്ക് 1000 രൂപ വരെകൂലി ലഭിക്കുന്നുമുണ്ട്. കൊൽക്കൊത്തയിൽ നിന്നും ബംഗാളിലെ മറ്റു ജില്ലകളിൽ നിന്നും പുരുഷന്മാരാണ് മുന്പ് താലൂക്കിലേക്ക് കൃഷിപണിക്കു വന്നിരുന്നതെങ്കിൽ ഇപ്പോൾ കുടുംബസഹിതം വരാൻ തുടങ്ങി. ഒരു സീസണിൽ രണ്ടുമാസം കൃഷിപണി ലഭിക്കും. പിന്നീട് മറ്റു ജില്ലകളിലും പണിക്ക് പോകും. പ്രാദേശിക തൊഴിലാളികളുടെ അഭാവമാണ് കർഷകർക്ക് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നതിന് ഇടയാക്കുന്നതെന്ന് കർഷകർ പറയുന്നു.
സമയത്തിന് നടീൽ പണി നടത്തിയില്ലെങ്കിൽ വിളവിൽ കുറവുണ്ടാകുമെന്നും കർഷകർ പറഞ്ഞു.