ലക്ഷങ്ങളുടെ നഷ്ടം കർഷകനുമാത്രം...
1480742
Thursday, November 21, 2024 5:32 AM IST
നെന്മാറ: ഓരോ പ്രാവശ്യം കാട്ടാന കൃഷിയിടത്തിൽ എത്തുമ്പോഴും കാർഷികവിളകൾക്കു പുറമെ മോട്ടോർപുരകൾ, തൊഴുത്തുകൾ, ജലസേചന കുഴലുകൾ, നെറ്റ് വേലി, സിമന്റ് വേലിക്കാലുകൾ, റബർടാപ്പിംഗ് ഡിഷുകൾ, ചിരട്ടകൾ തുടങ്ങി വനംവകുപ്പിന്റെ നഷ്ടപരിഹാരം ലഭിക്കാത്ത ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കാറുള്ളത്.
സമീപപ്രദേശങ്ങളായ വടക്കൻചിറ, കോപ്പൻകുളമ്പ്, ചള്ള, പൂഞ്ചേരി, ഒലിപ്പറ, നേർച്ചപ്പാറ, ഓവുപാറ, ചേവിണി തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാനയ്ക്കു പുറമേ കുരങ്ങ്, മാൻ, കരടി, പുലി, മലയണ്ണാൻ, കാട്ടുപന്നി എന്നിവയുടെ ശല്യംമൂലമുള്ള കൃഷിനാശവും രൂക്ഷമാണ്.
കഴിഞ്ഞദിവസം ഒലിപ്പാറ വനമേഖലയിൽ ഒരുകാട്ടാന ചരിഞ്ഞതോടെ മേഖലയിലെ കൃഷിനാശത്തിനു താത്കാലിക പരിഹാരമുണ്ടാകുമെന്ന് കരുതിയിരിക്കെയാണു ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മറ്റൊരു ആന പ്രദേശത്ത് കൃഷിനാശം തുടങ്ങിയത്.
സൗരോർജ തൂക്കുവേലി നിർമാണം, സൗരോർജ വേലി പ്രവർത്തനം , കൃഷിനാശത്തിനു നഷ്ടപരിഹാരം, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മേഖലയിലെ കർഷകർ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ- കിഫയുടെ നേതൃത്വത്തിൽ ഇന്നുച്ചയ്ക്ക് രണ്ടിനു നെന്മാറ ഡിഎഫ്ഒ ഓഫീസിലേക്ക് വാഹനജാഥയും ധർണയും സംഘടിപ്പിച്ചിട്ടുണ്ട്.