ട്രെയിനിടിച്ചു മരിച്ച കരാർതൊഴിലാളികളുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരത്തിനു നടപടി
1480994
Friday, November 22, 2024 4:21 AM IST
ഷൊർണൂർ: ഷൊർണൂരിൽ ട്രെയിനിടിച്ചു മരിച്ച കരാർ തൊഴിലാളികളുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം ലഭിക്കാൻ ശുപാർശ ചെയ്യുമെന്നു ശുചീകരണത്തൊഴിലാളികൾക്കുവേണ്ടിയുള്ള ദേശീയ കമ്മീഷൻ (സഫായി കരംചാരീസ് കമ്മീഷൻ) അംഗം ഡോ.പി.പി. വാവ.
തൊഴിലാളികൾ മരിച്ച സംഭവത്തിൽ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് കരാറുകാരനും റെയിൽവേയ്ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടംനടന്ന ഭാരതപ്പുഴയ്ക്കു കുറുകെയുള്ള ഷൊർണൂരിലെ റെയിൽവേ പാലത്തിൽ പരിശോധന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണത്തൊഴിലാളികളുടെ അവസ്ഥകൾ പഠിക്കുകയും അവ പരിഹരിക്കാൻ കേന്ദ്രസർക്കാരിനു ശുപാർശ സമർപ്പിക്കുകയും ചെയ്യുന്ന കമ്മീഷനാണിത്.
ശുചീകരണത്തൊഴിലാളികൾ പാലത്തിനു കുറുകെ നടക്കുന്നതു തടയാൻ റെയിൽവേയ്ക്കു സാധിച്ചില്ല.
കരാറുകാരനോ റെയിൽവേയുടെ സൂപ്പർവൈസറോ കൂടെയുണ്ടായിരുന്നെങ്കിൽ അപകടമുണ്ടാകില്ലായിരുന്നു. പാലത്തിൽ മാലിന്യമൊന്നുമുണ്ടായിരുന്നില്ല. ശുചീകരണത്തിനായി നാലുപേർക്കും പാലത്തിലേക്കുവരേണ്ട കാര്യമില്ല. ഇവർ റോഡുമാർഗമാണ് തിരിച്ചുപോരേണ്ടിയിരുന്നതെന്നു സൂപ്പർവൈസർക്കോ കരാറുകാരനോ നിർദേശിക്കാമായിരുന്നെന്നും കമ്മീഷൻ വിലയിരുത്തി.
തൊഴിലാളികൾക്കു സുരക്ഷാസംവിധാനങ്ങളോ ഇൻഷ്വറൻസ് പരിരക്ഷയോ കരാറുകാരൻ ഏർപ്പെടുത്തിയിരുന്നില്ലെന്നും കമ്മീഷൻ കണ്ടെത്തി. തുടർന്ന്, കമ്മീഷനംഗം ഡിവിഷൻ ആസ്ഥാനത്തും റെയിൽവേ അധികൃതരുമായി ചർച്ചനടത്തി. ഉടൻ കേന്ദ്രസർക്കാരിനും റെയിൽവേയ്ക്കും ഇതുസംബന്ധിച്ച റിപ്പോർട്ടു നൽകുമെന്നും തൊഴിലാളികളുടെ കുടുംബത്തിനു നഷ്ടപരിഹാരത്തിന് ശുപാർശചെയ്യുമെന്നും കമ്മീഷനംഗവും സംസ്ഥാന നോഡൽ ഓഫീസർ അഡ്വ. ഗോപി കൊച്ചുരാമനും പറഞ്ഞു. ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി, എഡിആർഎം എസ്. ജയകൃഷ്ണൻ തുടങ്ങിയ റെയിൽവേ അധികൃതരും പരിശോധനയ്ക്കെത്തിയിരുന്നു. നവംബർ രണ്ടിനു ഉച്ചയ്ക്കുശേഷമാണ് ദമ്പതിമാരായ നാല് ശുചീകരണത്തൊഴിലാളികൾ ട്രെയിനിടിച്ചു മരിച്ചത്.