നടുവൊടിക്കുംറോഡിലെ യാത്രികർക്കു കുഴന്പ് വിതരണംചെയ്ത് സമരം
1461573
Wednesday, October 16, 2024 6:47 AM IST
പാലക്കാട്: നഗരസഭയുടെ നടുവൊടിക്കുംറോഡിലെ യാത്രികർക്കു മുട്ടികുളങ്ങര എണ്ണ വിതരണം ചെയ്ത് കോൺഗ്രസിന്റെ സാന്ത്വനം.
പാലക്കാട് നഗരസഭയുടെ അധീനതയിൽ വരുന്ന മാട്ടുമന്ത മുതൽ മണൽമന്തവരെയുള്ള ഏകദേശം ഒന്നര കിലോമീറ്റർ വരുന്ന റോഡ് ദീർഘകാലമായി തകർന്നു തരിപ്പണമായി കിടന്നിരുന്നു.
ഒന്നരവർഷം മുന്പാണ് റോഡ്പണി പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയത്. തുടർന്ന് ഒന്നരമാസത്തിനകം റോഡ് തകർന്നു. ഇപ്പോൾ യാത്രക്കാർക്ക് ഈവഴി യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യവും ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാടകയ്ക്ക് വിളിച്ചാൽ വരാത്ത സാഹചര്യമാണ് ഉള്ളത്.
ഇതിനെതിരെ പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിരവധി സമരങ്ങൾ നടത്തിയിട്ടും പരിഹാരമാകാത്ത സാഹചര്യത്തിൽ നടുവൊടിക്കും റോഡിലെ യാത്രികർക്ക് കോൺഗ്രസിന്റെ സാന്ത്വനമായി മുട്ടികുളങ്ങര എണ്ണ വിതരണം ചെയ്ത് വേറിട്ട സമരത്തിന് പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വം നല്കി. മാട്ടുമന്ത ജംഗ്ഷനിൽ നിന്നും ആരംഭിച്ച് മണൽമന്ത ജംഗ്ഷനിൽ സമാപിച്ച പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് ഉദ്ഘാടനം ചെയ്തു.