എക്സൈസ് വകുപ്പിനെ ആധുനികവത്കരിക്കാൻ സർക്കാർ ശ്രമം: മന്ത്രി എം.ബി. രാജേഷ്
1598967
Sunday, October 12, 2025 12:39 AM IST
പാലക്കാട്: എക്സൈസ് വകുപ്പിനെ ആധുനികവത്കരിച്ച് കൂടുതൽ ജനകീയമാക്കുന്നതിനാണ് സർക്കാർ ശ്രമം നടത്തുന്നതെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. എക്സൈസ് വകുപ്പിന്റെ ഭാവി വികസനലക്ഷ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാറിന്റെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വുമണ്‍ എക്സൈസ് ഓഫീസർമാരുടെ തസ്തികകൾ ഉൾപ്പെടെ നിരവധി തസ്തികകൾ സൃഷ്ടിക്കാൻ ഈ സർക്കാരിന് സാധിച്ചെന്നും, വകുപ്പിന്റെ അംഗബലം വർധിപ്പിക്കാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി സൂചിപ്പിച്ചു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനു പുറമേ ഇരകളായവരെ കൗണ്‍സിലിംഗിലൂടെയും മറ്റു മാർഗങ്ങളിലൂടെയും മോചിപ്പിക്കുന്നതിനും പ്രതിരോധം സൃഷ്ടിക്കുന്നതിനും വകുപ്പ് നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എക്സൈസ് കമ്മീഷണർ എം.ആർ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, അഡീഷണൽ എക്സൈസ് കമ്മീഷണർ എസ്. ദേവമനോഹർ, എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്ത്, മധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.