സന്ദർശകർക്കു കാഴ്ചവിരുന്നായി ആര്യമ്പള്ളം തടയണ വെള്ളച്ചാട്ടം
1599223
Monday, October 13, 2025 1:18 AM IST
ചിറ്റൂർ: ചിറ്റൂർപ്പുഴ ആര്യമ്പള്ളം കുടിവെള്ള തടയണ വെള്ളച്ചാട്ടം സന്ദർശകരായെത്തുന്നവർക്ക് കാഴ്ചവിരുന്നാകുന്നു.
വേനൽസമയങ്ങളിലും തടയണയിൽ ജലസമൃദ്ധിയുള്ളതിനാൽ തമിഴ്നാട്ടിൽനിന്നുപേലും നിരവധിയാളുകളെത്തുന്നുണ്ട്.
തടയണയിലെ തെളിഞ്ഞ വെള്ളത്തിൽ ഇറങ്ങി കുളിച്ചാണ് പലരുടെയും മടക്കം. മൂന്നുമാസം മുൻപ് വിളയോടി നിലമ്പതിപ്പാലത്തിനു സമീപം രണ്ട് കോളജ് വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിനുശേഷം ഇവിടേക്ക് നാട്ടുകാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇതോടെ കാഴ്ച കാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
നീന്തൽ വശമില്ലാത്തവർ തടയണ മധ്യത്തിലേക്ക് ഇറങ്ങുന്നത് കുളിക്കാനെത്തുന്ന സമീപവാസികൾ വിലക്കാറുണ്ട്.
തടയണയുടെ മുകൾഭാഗത്തുനിന്നും വെള്ളച്ചാട്ട ദൃശ്യങ്ങൾ പകർത്താനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായി പ്രദേശത്തെ വികസിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.