സംഭരിക്കാൻ ഇടമില്ലാതെ വെള്ളം പുഴയിലേക്ക്
1599219
Monday, October 13, 2025 1:18 AM IST
മംഗലംഡാം: മംഗലംഡാം റിസർവോയർ മണ്ണുനിറഞ്ഞു നികന്നു. മലകളിൽ നിന്നും കാട്ടിൽനിന്നും റിസർവോയറിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ പകുതിപോലും സംഭരിക്കാൻ ഇടമില്ലാതെ വെള്ളം പുഴയിലേക്കൊഴുക്കി പാഴാക്കുന്നു.
മംഗലം പുഴയിൽ തടയണകളെല്ലാം തകർന്നു കിടക്കുന്നതിനാൽ പുഴയിലേക്ക് ഒഴുക്കുന്ന വെള്ളം എവിടെയും നിൽക്കാതെ ഭാരതപ്പുഴയിലേക്ക്.
കാലവർഷത്തിൽ മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്ന് പുഴയിലേക്കൊഴുക്കുന്നത് ഒരുഡാം നിറയാനുള്ളത്ര വെള്ളമാണെന്നാണ് വിലയിരുത്തൽ. ഈ വർഷം ജൂൺ16ന് തന്നെ ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. നാലുമാസത്തോളമായി ഷട്ടറുകൾ തുറന്നു തന്നെയാണ്. ഇപ്പോൾ ഒന്നും ആറും ഷട്ടറുകൾ തുറന്നിരിപ്പാണ്.
മിക്കവാറും വർഷങ്ങളിലും ജൂലൈ ആദ്യത്തിലും പകുതിയോടെയും ഷട്ടറുകൾ തുറക്കാറുണ്ട്. ഇങ്ങനെയൊക്കെ ജലസമൃദ്ധിയുണ്ടെങ്കിലും നല്ല വേനലുണ്ടായാൽ മംഗലംഡാം വരണ്ടുണങ്ങും.
മേയ് മാസം അവസാനത്തിലും ജൂൺ ആദ്യത്തിലുമൊക്കെയായി കനത്ത കുറച്ചു മഴ ലഭിച്ചാൽ മതി ഡാം നിറയും. പിന്നെ നാലഞ്ചുമാസങ്ങൾ ഷട്ടറുകൾ തുറന്നുവയ്ക്കണം. അതല്ലാതെ മറ്റു വഴികളില്ല.
വൃഷ്ടി പ്രദേശത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഡാമുകളിൽ ഒന്നായ മംഗലംഡാമിൽ അധികജലം സംഭരിക്കുന്നതിന് നടപടികളില്ലാത്തത് ഇപ്പോഴും വലിയ പോരായ്മയായി നില നിൽക്കുകയാണ്.
പാഴാക്കുന്ന വെള്ളം പുഴയിൽ തടഞ്ഞു നിർത്താൻ മൂന്നോ നാലോ കിലോമീറ്റർ ഇടവിട്ട് ചെക്ക് ഡാമുകൾ കെട്ടി കുറെ വെള്ളം വേനലിലേക്കായി സഭരിക്കാൻ കഴിയും. എന്നാൽ ബന്ധപ്പെട്ട വകുപ്പുകളൊന്നും കർഷകരുടെ രക്ഷക്ക് ഉതകുന്ന നടപടികളിലേക്കില്ല.
2018 ലും 2019ലും അതിവർഷവും തുടർന്നുള്ള പ്രളയവുമുണ്ടായപ്പോൾ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളായ മലകളിലും വ്യാപകമായി ഉരുൾപൊട്ടലുകളുണ്ടായി. അവിടെനിന്നെല്ലാം മണ്ണും മണലും പാറകളും മരങ്ങളുമെല്ലാം ഡാമിൽ അടിഞ്ഞുകൂടി. ഇത് ഡാമിന്റെ സംഭരണശേഷി 2015ലെ പരിശോധനാ റിപ്പോർട്ടിനേക്കാൾ വീണ്ടും കുറച്ചു. 2020 ഡിസംബർ 17നാണ് ഡാമിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തി തുടങ്ങിയത്. തുടക്കം നന്നായെങ്കിലും പിന്നീടിതു നിലച്ചു. ഇതു മൂലം ഡാം ജല ഉറവിടമാക്കി നടപ്പാക്കാൻ ലക്ഷ്യംവച്ച കുടിവെള്ള പദ്ധതിയും മുടങ്ങിക്കിടക്കുകയാണ്.