അതിതീവ്രമഴ: നഷ്ടപരിഹാരകണക്ക് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
1461569
Wednesday, October 16, 2024 6:47 AM IST
പാലക്കാട്: ആലത്തൂർ, വടക്കഞ്ചേരി താലൂക്കുകളിൽ ജൂലൈ 29, 30 തിയതികളിലുണ്ടായ അതിതീവ്രമഴയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ കണക്ക് രേഖാമൂലം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലത്തൂർ താലൂക്കിലാണെന്നും വടക്കഞ്ചേരി വില്ലേജിൽ ആര്യങ്കടവ് പ്രദേശത്ത് കൂടി കടന്നുപോകുന്ന പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയെന്നും വീട്ടുപകരണങ്ങൾ ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ നാശനഷ്ട കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നും അർഹതപ്പെട്ടവർക്ക് നഷ്ടപരിഹാര സംഖ്യ വിതരണം ചെയ്തതിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അതിതീവ്ര മഴയുമായി ബന്ധപ്പെട്ട് എത്ര ആളുകളെ വെള്ളക്കെട്ട് ദുരിതം ബാധിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമല്ല.
എത്രപേർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തുവെന്നും വ്യക്തമല്ല. എത് നിയമപ്രകാരമാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നും ആർക്കെങ്കിലും നഷ്ടപരിഹാരം ഇനിയും നൽകാനുണ്ടോ എന്നും വ്യക്തമാക്കണം. നൽകാനുള്ള നഷ്ടപരിഹാരം എത്രകാലം കൊണ്ട് കൊടുത്തു തീർക്കുമെന്നും ഒരു മാസത്തിനുള്ളിൽ അറിയിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.