കൊട്ടപ്പള്ളം ഗ്രാമത്തിൽ സായാഹ്നപാഠശാലക്ക് തുടക്കം
1461238
Tuesday, October 15, 2024 6:05 AM IST
മുതലമട: ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് തെന്മലയുടെ താഴ്വരയിലുള്ള കൊട്ടപ്പള്ളം ഗ്രാമത്തിൽ സായാഹ്ന പാഠശാലക്ക് തുടക്കം കുറിച്ചു.
പട്ടികജാതി, പട്ടികവർഗക്കാരുൾപ്പെടെയുള്ളജനവിഭാഗങ്ങളാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്. ഗ്രാമത്തിലെ വിദ്യാർഥികളുടെ അറിവും കഴിവും വികസിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനുമായാണ് സായാഹ്ന പാഠശാലക്ക് തുടക്കം കുറിച്ചത്. എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ 7 വരെ പഠന കേന്ദ്രം പ്രവർത്തിക്കും.
കൊട്ടപ്പള്ളം സായാഹ്ന പഠനശാലയുടെ ഉദ്ഘാടനം വാർഡ് മെംബർ ബി. മണികണ്ഠൻ നിർവഹിച്ചു. മുൻ വാർഡ് മെംബർ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി പി. അരവിന്ദാക്ഷൻ, കോ- ഓർഡിനേറ്റർ എ.ജി. ശശികുമാർ, ലക്ഷ്മണൻ തുടങ്ങിയവർ പ്രസംഗിച്ചു.
മുതലമട ഗ്രാമപഞ്ചായത്തിന്റേയും ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമത്തിലെ തന്നെ ബിരുദപഠനം പൂർത്തിയാക്കിയ മുതിർന്ന 4 കുട്ടികളാണ് പഠന കേന്ദ്രത്തിനു മേൽനോട്ടം വഹിക്കുന്നത്. ഗ്രാമത്തിലെ 5 വയസിനു മുകളിൽ പ്രായമുള്ള 30 ൽ അധികം വിദ്യാർഥികൾക്ക് പഠനകേന്ദ്രം ഉപകാരപ്പെടും. അധ്യാപകർക്കും വിദ്യാർഥികൾക്കും വിദഗ്ദ പരിശീലനം ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റി ലഭ്യമാക്കും.