കനത്ത മഴ: കോയമ്പത്തൂർ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു
1461229
Tuesday, October 15, 2024 6:04 AM IST
കോയമ്പത്തൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിലും മേട്ടുപ്പാളയം ഉൾപ്പെടെയുള്ള സമീപ മലയോര മേഖലകളിലും തുടർച്ചയായി പെയ്യുന്ന മഴയിൽ കോയമ്പത്തൂർ ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലെ നിർണായക കുടിവെള്ള സ്രോതസായ പില്ലൂർ അണക്കെട്ടിലെ ജലനിരപ്പിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. മേട്ടുപ്പാളയം വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്തമഴയെ തുടർന്നാണ് ഒരു ദിവസത്തിനുള്ളിൽ ജലനിരപ്പ് 5 അടിയോളം ഉയർന്നത്.
മേട്ടുപ്പാളയത്തിന് സമീപം സ്ഥിതി ചെയ്യുന്ന പില്ലൂർ അണക്കെട്ട് നീലഗിരി ജില്ലയിൽ നിന്നും കേരളത്തിന്റെ ചില ഭാഗങ്ങളിൽ നിന്നുമുള്ള മഴവെള്ളത്തെയാണ് ആശ്രയിക്കുന്നത്. 100 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി.
ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് 92 അടിയാണ്. നീലഗിരിയിലും പരിസര പ്രദേശങ്ങളിലും തുടർച്ചയായി പെയ്യുന്ന മഴയിൽ നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.