പാടശേഖരങ്ങളിൽ ഓലചുരട്ടിപ്പുഴുശല്യം
1459732
Tuesday, October 8, 2024 7:51 AM IST
ഒറ്റപ്പാലം: വള്ളുവനാടൻ പാടശേഖരങ്ങളിൽ ഓലചുരുട്ടിപ്പുഴുശല്യം വ്യാപകം. രണ്ടാംവിള ഇറക്കിയ കർഷകരാണ് കഷ്ടത്തിലായത്. ഒന്നാംവിള ഉപേക്ഷിച്ച പാടശേഖരങ്ങളിലാണു പുഴുവിന്റെ ശല്യം രൂക്ഷമായിട്ടുള്ളത്.
പടിഞ്ഞാറൻമേഖലയിലാകെ രണ്ടാംവിള നെൽക്കൃഷിക്കു പുഴുശല്യം ഭീഷണിയായിട്ടുണ്ട്. നെല്ലിനു കതിർവരുന്ന സമയത്ത് പുഴുശല്യം തടയാൻ രണ്ടുതവണ കീടനാശിനി തളിച്ചിട്ടും രക്ഷയില്ലെന്നു കർഷകർ പറയുന്നു.
വരോട് അടക്കമുള്ള പാടശേഖര പ്രദേശങ്ങളിലാണ് പുഴുശല്യം കൂടുതലും.
കൃഷിഭവൻ വിതരണംചെയ്ത പൊന്മണി നെൽവിത്ത് പകുതിപോലും മുളയ്ക്കുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് ഈ വിത്തുപയോഗിച്ച് നട്ട ഞാറ്റടിക്കു പുഴുശല്യം വിനയായത്. നടീൽ നടത്തി പത്തുമുതൽ 15 ദിവസം പിന്നിട്ട നെൽച്ചെടികൾക്കാണ് രോഗം കൂടുതലുള്ളത്. ചെറിയരീതിയിൽ കണ്ടുതുടങ്ങിയ രോഗബാധ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
ഇതിനുപുറമേ പാടങ്ങളിൽ കളശല്യവും രൂക്ഷമാണ്. കള വ്യാപകമായ സാഹചര്യത്തിൽ പറിച്ചുകളയുന്നത് കൂലിച്ചെലവ് ഇരട്ടിയാക്കുന്നുണ്ട്.