കടപ്പാറ ചെമ്പൻകുന്നിൽ ഒന്നരമാസമായിട്ടും വൈദ്യുതി പുനസ്ഥാപിക്കാൻ നടപടിയില്ല
1459561
Monday, October 7, 2024 7:30 AM IST
മംഗലംഡാം: ഒടിഞ്ഞുവീണ വൈദ്യുതിപോസ്റ്റുകൾ ഒന്നരമാസമായിട്ടും മാറ്റിസ്ഥാപിച്ചു വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. കടപ്പാറക്കടുത്ത് മലമ്പ്രദേശമായ ചെമ്പൻകുന്നിലേക്കുള്ള വൈദ്യുതിവിതരണമാണു ഇത്രകാലമായി തടസപ്പെട്ടു കിടക്കുന്നത്.
മൂന്നുപോസ്റ്റുകളാണ് ഇവിടെ ഒടിഞ്ഞുകിടക്കുന്നത്. ആന, കാട്ടുപോത്ത് ഉൾപ്പെടെ കാട്ടുമൃഗങ്ങൾ ഏതുസമയവുമുള്ള പ്രദേശമാണിവിടെ.
രാത്രി വൈദ്യുതിവെളിച്ചംകൂടി ഇല്ലാതായതോടെ ആനശല്യവും ഇവിടെ കൂടിയെന്നു വീട്ടുകാർ പറയുന്നു. പുറത്തിറങ്ങാൻ കഴിയാത്തവിധം തോട്ടത്തിലും മറ്റുമായി ആനകളുണ്ടാകും.
പകൽസമയവും ആളുകൾക്കു യാത്രചെയ്യാൻ പേടിയാണ്. മൊബൈൽ ചാർജ് ചെയ്യാൻപോലും വഴിയില്ല. ഉപയോഗിക്കാതെ വൈദ്യുതോപകരണങ്ങളെല്ലാം കേടുവന്നു.
രണ്ടുമൂന്നു കിലോമീറ്റർ നടന്നുവേണം ഈ പ്രദേശത്തുക്കാർക്കു വാഹനമെത്തുന്ന റോഡിലെത്താൻ. ആനയിറങ്ങി കൃഷിനശിപ്പിക്കലും വ്യാപകമായുണ്ട്.
കെഎസ്ഇബിയുടെ മുടപ്പല്ലൂർ സെക്്ഷനു കീഴിലാണു ഈപ്രദേശം. പരാതിപ്പെടുമ്പോഴൊക്കെ സാവകാശം വേണമെന്നാണു പറയുന്നത്.
കർഷകർമാത്രം താമസിക്കുന്ന പ്രദേശമായതിനാൽ സമർദം ചെലുത്താനും ഇവിടെ ആളില്ല.
ഗുണഭോക്താക്കൾ എല്ലാ തരത്തിലും അശക്തരായതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കെഎസ്ഇബിക്കും താത്പര്യമില്ല. മന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകാനാണ് പ്രദേശവാസികളുടെ തീരുമാനം.