വന്യജീവിശല്യം തടയാൻ നടപടികളുമായി തിരുവിഴാംകുന്ന് ഫാം
1459358
Sunday, October 6, 2024 7:21 AM IST
മണ്ണാർക്കാട്: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിനകത്തെ വന്യജീവിശല്യം പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി അടിക്കാട് വെട്ടിത്തെളിക്കുന്ന പ്രവൃത്തികളാരംഭിച്ചു. ജനങ്ങളും വനംവകുപ്പും നിരന്തരം ആവശ്യപ്പെട്ട് വരുന്നതിനിടെയാണ് നടപടി.
നാനൂറ് ഏക്കറോളം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ഫാമിനകത്തെ ഏറ്റവും അധികം അടിക്കാട് വളർന്ന് നിൽക്കുന്ന 12 ഹെക്ടർ സ്ഥലത്താണ് പ്രവൃത്തികൾ നടത്തുന്നത്. വർഷങ്ങളായി അടിക്കാട് വെട്ടിനീക്കിയിട്ട്. മുൾക്കാടാണ് അധികവും. ഇത്രയും ഭാഗത്തെ കാട് നീക്കംചെയ്യൽ ഫാമിനകത്തെ തൊഴിലാളികളെ കൊണ്ട് അസാധ്യമായതിനാൽ പുറത്തുനിന്നുള്ള തൊഴിലാളികൾക്ക് കരാർ നൽകിയിരിക്കുകയാണ്.
വന്യജീവികൾക്ക് തമ്പടിക്കാൻ പാകത്തിലാണ് ഇവിടെ കാട് വളർന്നു നിൽക്കുന്നത്. പനയടക്കമുള്ളവ ധാരാളമുണ്ട്. ഇതാണ് കാട്ടാനകളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതും. സൈലന്റ് വാലി വനത്തിൽനിന്നും നാട്ടിലേക്കെത്തുന്ന കാട്ടാനകൾ ഗവേഷണകേന്ദ്രം വളപ്പിലെ കാട്ടിലേക്ക് കയറി നിലയുറപ്പിക്കാറാണ് പതിവ്. പലതവണ പുലിയുടെ സാന്നിധ്യവുമുണ്ടായിട്ടുണ്ട്. കാട്ടുപന്നികളുമുണ്ട്.
നാലുവർഷം മുമ്പ് തുടർച്ചയായി പുലിയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുകയും കൂട് വെയ്ക്കുകയും കാടിളക്കി തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു. അടിക്കാടുകളി ൽ ഇവ പതുങ്ങിയിരുന്നാൽ കണ്ടെത്താനും പ്രയാസമാണ്. കഴിഞ്ഞ ആഴ്ച ഫാമിനകത്ത് നിന്നും കാട്ടാനകളെ തുരത്താൻ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. രാത്രി മുതൽ പുലരുംവരെ ആനകളെ ഓടിച്ചെങ്കിലും തുരത്താനെത്തിയവരെ വട്ടം കറക്കി ഇവ ഫാമിനകത്തെ മുൾക്കാടുള്ള ഭാഗത്തേക്ക് കയറി നിലയുറപ്പിച്ചു.
ഇവിടെ നിന്നും തുരത്തുന്നത് ശ്രമകരമായതിനാൽ വനംവകുപ്പിന് ദൗത്യം ഉപേക്ഷിക്കേണ്ടതായും വന്നു. അടിക്കാട് വെട്ടിത്തുടങ്ങിയതോടെ കാട്ടാനകൾ പിന്നീട് കാടുകയറിപോയതായാണ് പറയുന്നത്.
ഫാമിനകത്തെ പൊന്തക്കാട് വെട്ടിത്തെളിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാ ണ്. ഇതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് വർഷം മുമ്പ് അധികൃതർക്ക് ജനകീയ സമിതി നിവേദനം നൽകിയിരുന്നു. 2021ൽ ഇവിടുത്തെ കാട്ടാനശല്യത്തെ കുറിച്ച് പഠിക്കാനെത്തിയ വിദഗ്ദ സംഘം നൽകിയ റിപ്പോർട്ടിലും അടിക്കാട് വെട്ടിത്തെളിക്കാൻ ശിപാർശ ചെയ്തിരുന്നു. നിരന്തരം വന്യജീവികളുടെ സാന്നിധ്യമുണ്ടാകുന്നത് ഫാമിൽ തൊഴിലെടുക്കുന്നവർക്കും സമീപത്ത് താമസിക്കുന്നവർക്കുമെല്ലാം ഒരു പോലെ ഭീഷണിയാകുന്നുണ്ട്.
ഈ മാസത്തോടെ അടിക്കാട് നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയാകുമെന്ന് പറയുന്നു. വന്യജീവികൾ ഫാമിനകത്തേക്ക് പ്രവേശിക്കുന്നതിന് തടയിടാൻ സൗരോർജ തൂക്കുവേലിയും ചുറ്റുമതിലും നിർമിക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട് എന്ന് തിരുവിഴാംകുന്ന് ഫാം അധികൃതർ പറഞ്ഞു.