സ്കൂൾവാഹനങ്ങൾക്കു നൽകിയ വക്കീൽ നോട്ടീസുകൾ റദ്ദാക്കാൻ ആവശ്യപ്പെടും
1459356
Sunday, October 6, 2024 7:21 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസ വഴി കടന്നുപോകുന്ന സ്കൂൾ വാഹനങ്ങൾക്കെല്ലാം ടോൾ കമ്പനി നൽകിയിട്ടുള്ള വക്കീൽ നോട്ടീസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ വാഹന ഉടമകൾ എംഎൽഎ പി.പി.സുമോദുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
പോലീസ് ഉൾപ്പെടെ വിവിധ വകുപ്പു മേധാവികളും പഞ്ചായത്ത് പ്രസിഡന്റുമാർ, നാഷണൽ ഹൈവെ അഥോറിറ്റി അധികൃതർ, വാഹന ഉടമ പ്രതിനിധികൾ, സ്കൂൾ അധികാരികൾ തുടങ്ങിയവരുടെ യോഗം ഇന്ന് ഉച്ചക്ക് ശേഷം ചേർന്ന് ഭാവി പരിപാടികൾ ആലോചിക്കും. ടോൾ പിരിവ് ആരംഭിച്ചതു മുതലുള്ള രണ്ടര വർഷത്തെ ടോൾ കുടിശിക 15 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്നാണ് ടോൾ കമ്പനി സ്കൂൾ വാഹനങ്ങൾക്ക് നൽകിയിട്ടുള്ള വക്കീൽ നോട്ടീസിൽ പറയുന്നത്.
അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. ടോൾ പിരിവ് ആരംഭിച്ച 2022 മാർച്ച് ഒമ്പത് മുതൽ 2024 സെപ്റ്റംബർ ഒമ്പത് വരെയുള്ള കുടിശിക 12 ശതമാനം പലിശ സഹിതം തൃശൂർ എക്സ്പ്രസ് വേ ഡിമിറ്റഡ് എന്ന സ്ഥാപനത്തിൽ അടയ്ക്കണം. 40,000 രൂപ മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെയാണ് അടക്കാനുള്ള തുകയായി കാണിച്ചിട്ടുള്ളത്. എംഎൽഎ പി.പി.സുമോദിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളെ ടോളിൽ നിന്നും ഒഴിവാക്കണമെന്ന് ചർച്ച നടത്തി നേരത്തെ തീരുമാനിച്ചിട്ടുളളതായിരുന്നു.
ഇതിനു വിപരീതമായാണ് ഇപ്പോൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ് നൽകി പുതിയ ഭീഷണിയുമായി ടോൾ കമ്പനി രംഗത്തു വന്നിട്ടുള്ളത്.