നെല്ലുസംഭരണം തുടങ്ങിയില്ല : കൊയ്തെടുത്ത നെല്ലുമായി ബുദ്ധിമുട്ടി കർഷകർ
1459159
Saturday, October 5, 2024 8:02 AM IST
നെന്മാറ: കൊയ്തെടുത്ത നെല്ല് ഉണക്കിയെടുക്കാനും ഉണക്കിയതു സംഭരിക്കാനും കഴിയാതെ കർഷകർ ബുദ്ധിമുട്ടിൽ. ഇടയ്ക്കിടെപെയ്ത മഴയാണ് നെല്ലുണക്കിയെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ചില കർഷകരുടെപക്കൽ ഉണക്കാനുള്ള വിശാലമായ മുറ്റങ്ങളുടെ കുറവ് ഉണക്കലിനെ പ്രതിസന്ധിയിലാക്കുന്നു. ചിലർ റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചാണ് ഉണക്കിയെടുക്കുന്നത്.
സപ്ലൈകോ മുഖേനയുള്ള നെല്ലുസംഭരണം എന്നു തുടങ്ങും എന്നുള്ള കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. നെല്ലു സംഭരണത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാൻ സ്ഥലപരിമിതിമൂലം കർഷകർ ഏറെ വലയുകയുമാണ്. മുഴുവൻ കർഷകരും ഇനിയും സപ്ലൈകോ സൈറ്റിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടില്ല.
രജിസ്ട്രേഷൻ നടപടികൾക്കു അവസാനദിനം നിശ്ചയിക്കാത്തതും കൊയ്യാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നതുമാണു കർഷകനടപടികൾ വൈകിപ്പിക്കുന്നത്. ഈ വർഷത്തെ നെല്ലിന്റെ സംഭരണവില കേന്ദ്രസർക്കാർ ഒരുരൂപ വർധിപ്പിച്ചതിനാൽ സംസ്ഥാനസർക്കാരും വിലവർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
കഴിഞ്ഞവർഷം ഒന്നാംവിള കാഞ്ചന ഉൾപ്പെടെയുള്ള നെല്ലുകൾ സംഭരണവിലയേക്കാൾ ഉയർന്ന വിലയ്ക്കു സ്വകാര്യമില്ലുകൾ സംഭരിച്ചിരുന്നു. ഇക്കുറി സ്വകാര്യമില്ലുകൾ ഇതുവരെയും നെല്ലുസംഭരണത്തിനു തയാറാവാത്തതിനാൽ നെല്ല് കെട്ടിക്കിടക്കുകയാണ്.