വയോജനദിനത്തിൽ പ്രായമായ അമ്മമാരുമായി വിനോദയാത്ര നടത്തി പഞ്ചായത്ത് മെംബർ
1458702
Thursday, October 3, 2024 6:59 AM IST
വടക്കഞ്ചേരി: തലചായ്ക്കാൻ വീടോ സ്വന്തമെന്നു പറയാൻ ഒരു തുണ്ടു ഭൂമിയോ സാമ്പത്തികഭദ്രതയോ മെംബർ സുരേഷിനില്ല. എങ്കിലും ഒറ്റപ്പെടലിനന്റെയും വൈകല്യങ്ങളുടെയും വേദനയിൽ കഴിയുന്നവരെ മറ്റുള്ളവർക്കൊപ്പം എത്തിക്കാനുള്ള ശ്രമങ്ങളിലാണ് വണ്ടാഴി പഞ്ചായത്തിലെ അഞ്ചാം വാർഡ് മെംബർ കോൺഗ്രസിലെ ആർ. സുരേഷ്. ചല്ലുവടിയിൽ ഭാര്യയും രണ്ട് മക്കളുമായി വാടകമുറിയിലാണ് താമസം.
ഇല്ലായ്മകളും പരാധീനതകളും വീർപ്പുമുട്ടിക്കുന്നുണ്ടെങ്കിലും പാവപ്പെട്ടവർക്കൊപ്പം നിൽക്കാൻ അതൊന്നും കുറവുകള ല്ലെന്നാണ് സുരേഷ് പറയുന്നത്. പഞ്ചായത്ത് മെംബർ എന്ന നിലയിൽ ലഭിക്കുന്ന ചെറിയ വരുമാനം കൂട്ടിവച്ചാണ് സാമൂഹ്യസേവനം.
പ്രായമായ അമ്മമാർ, വൈകല്യമുള്ളവർ, പുറംലോകത്തെ വർണക്കാഴ്ചകൾ കാണാൻ ഭാഗ്യമില്ലാത്തവർ തുടങ്ങിയവരെയെല്ലാം കൂടെക്കൂട്ടി ഇടയ്ക്ക് വിനോദയാത്രകൾ നടത്തും. വയോജനദിനമായ ചൊവ്വാഴ്ച വാർഡിലെ അമ്മമാരുമായി ജില്ലാ ആസ്ഥാനത്തേക്കായിരുന്നു യാത്ര. രാവിലെ ട്രാവലറിൽ പുറപ്പെട്ട സംഘം ജില്ലാ കോടതിയിലെത്തി കോടതിപ്രവർത്തനങ്ങളും ജഡ്ജിയേയും കണ്ടു.
കളക്ടറേറ്റിൽ പോയി ജില്ലാ കളക്ടറെ കണ്ട് നാട്ടുവിശേഷങ്ങൾ പറഞ്ഞു. അമ്മമാരെ കൂട്ടത്തോടെ കണ്ടതോടെ കളക്ടർ ഡോ. ചിത്ര അമ്മമാർക്കൊപ്പം വന്നിരുന്ന് വിശേഷങ്ങൾ പങ്കുവച്ചു. കളക്ടറുമായി ഫോട്ടോ എടുത്താണ് അവിടെനിന്നും ഇറങ്ങിയത്. പിന്നീട് മലമ്പുഴ ഉദ്യാനത്തിലേക്കായിരുന്നു യാത്ര. കുറെസമയം അവിടെ ചെലവഴിച്ചു.
വാടകവീട്ടിൽ ചെറിയ തോതിലുള്ള കാറ്ററിംഗ് പണി ഉള്ളതിനാൽ ഉച്ചഭക്ഷണവും മറ്റും കരുതിയിരുന്നു. വൈകുന്നേരം ആറരയോടെയാണ് പകൽ ടൂർ കഴിഞ്ഞ് അമ്മമാർ എത്തിയത്. ട്രാവലർ വാടകയ്ക്കു വിളിച്ചായിരുന്നു ടൂർ. വാടകയും മറ്റു ചെലവുകളുമെല്ലാം ഏറിയപങ്കും എടുക്കുന്നത് സുരേഷ് തന്നെ. ഇതു മൂന്നാം തവണയാണ് മെംബറാവുന്നത്. ചെരുപ്പ് ധരിക്കാത്ത, സ്വന്തമായി വാഹനം ഇല്ലാത്ത അപൂർവം ജനപ്രതിനിധികളിൽ ഒരാളാകും സുരേഷ്.
വാർഡിൽ ഏത് ആവശ്യത്തിനും സുരേഷ് മുന്നിലുണ്ടാകും. കാര്യം നടക്കാൻ തിരുവനന്തപുരത്തു പോകേണ്ടിവന്നാലും സുരേഷ് ഒറ്റയ്ക്കുപോയി കാര്യം നടത്തിവരും.