പൊന്തക്കാടുകളും മാലിന്യക്കൂമ്പാരങ്ങളുമായി മംഗലംഡാം ഉദ്യാനം
1458701
Thursday, October 3, 2024 6:59 AM IST
മംഗലംഡാം: പരിമിതമായ സ്ഥലങ്ങളിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഉതകുംവിധം നിരവധി പദ്ധതികൾ പോത്തുണ്ടി ഡാം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടപ്പിലാക്കുമ്പോൾ ജില്ലയിലെ രണ്ടാമത്തെ വിനോദസഞ്ചാരകേന്ദ്രമെന്ന് അവകാശപ്പെടുന്ന മംഗലംഡാമിന് ഇന്നും അവഗണനമാത്രം. ആളുകളെ ആകർഷിക്കാവുന്നതൊന്നും ഇവിടെയില്ല.
ഇടയ്ക്കിടെ കോടികൾ ചെലവഴിച്ച് കരാറുകാർക്കു പണം നൽകുന്നു എന്നതല്ലാതെ പ്രകൃതി ഒരുക്കിത്തന്നിട്ടുള്ള ഭൂപ്രദേശം മനോഹരമാക്കി സഞ്ചാരികൾക്കു സൗകര്യമൊരുക്കാൻ പദ്ധതികളൊന്നുമില്ല. കുടിവെള്ളം പോലും കിട്ടാൻ വഴിയില്ല. ഇറിഗേഷൻ വകുപ്പിന്റെ ഏക്കർകണക്കിന് വരുന്ന ഭൂമിയാണ് പൊന്തക്കാട് പിടിച്ചുകിടക്കുന്നത്.
പ്രവേശനഫീസ് നൽകി ഉദ്യാനത്തിലേക്ക് കടക്കുമ്പോൾ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് പൊന്തക്കാടുകളും ഭീതി ജനിപ്പിക്കുന്ന ക്വാർട്ടേഴ്സുകളും മാത്രം. ഇവിടെയെല്ലാം ഇപ്പോൾ മാലിന്യക്കൂമ്പാരമായി മാറി. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ഒഴിവാക്കുന്ന സാധനങ്ങൾ തള്ളുന്നത് ഉദ്യാനത്തിലെ പൊന്തക്കാടുകളിലാണ്. മാലിന്യത്തോടൊപ്പം ഭക്ഷണാവശിഷ്ടങ്ങളും ഉള്ളതിനാൽ പന്നിക്കൂട്ടങ്ങളുമുണ്ട്.
ഡാം നിർമിക്കുമ്പോൾ തൊഴിലാളികൾക്കും മറ്റു ജീവനക്കാർക്കും താമസിക്കാൻ നിർമിച്ച ക്വാർട്ടേഴ്സുകൾ ഇപ്പോൾ പ്രേതസിനിമ ചിത്രീകരിക്കാൻ തക്കവിധം പേടിപ്പെടുത്തുന്ന സ്ഥലമായി മാറി. ക്വാർട്ടേഴ്സുകൾക്കുള്ളിൽ വൻമരങ്ങളാണ് വളർന്നുനിൽക്കുന്നത്. ചുമരുകൾ നിൽക്കുന്നതുതന്നെ മരങ്ങളുടെ വേരുകളുടെ ബലത്തിലാണ്.
ഗാന്ധിജയന്തിദിനമായ ഇന്നലെ മുതൽ ആറുമാസക്കാലം മാലിന്യമുക്തം ജനകീയകേരളം പദ്ധതി ആരംഭിക്കുകയാണ്. പരിസര ശുചീകരണം നടത്തുന്നവർക്ക് ഉദ്യാനത്തിലെ മാലിന്യം നീക്കുന്നത് ഏറ്റെടുത്ത് ജനകീയ പദ്ധതികളിൽ പങ്കാളികളാകാൻ ഇവിടെ അവസരമുണ്ട്.