മാലിന്യമുക്തം നവകേരളം : ജനകീയ കാന്പയിനു തുടക്കം
1458692
Thursday, October 3, 2024 6:51 AM IST
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിനു ജില്ലയില്‍ തുടക്കമായി.
മംഗലംഡാം ടൂറിസം കേന്ദ്രത്തെ ജില്ലയിലെ ആദ്യത്തെ ഹരിതടൂറിസം കേന്ദ്രമാക്കിയുള്ള പ്രഖ്യാപനത്തോടെ ജില്ലാതല ഉദ്ഘാടനം കെ.ഡി. പ്രസേനന്‍ എംഎല്‍എ നിര്‍വഹിച്ചു.
നമ്മള് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ തന്നെയാണു വിവിധ രോഗങ്ങള്‍ക്കു കാരണമായി നമുക്കുതന്നെ തിരിച്ചടിയാവുന്നതെന്നും കാന്പയിൻ വിജയിപ്പിക്കാന്‍ ഓരോരുത്തരും മുന്നോട്ടു വരണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.
മംഗലംഡാം സൈറ്റ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു.
നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. സൈതലവി വിശദീകരണം നടത്തി. ജില്ലാ റിസോഴ്സ് പേഴ്സണ്‍ എസ്.വി. പ്രേംദാസ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി വിശിഷ്ടാതിഥിയായിരുന്നു. വണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. രമേഷ്, മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളിലും, 88 ഗ്രാമ പഞ്ചായത്തുകളിലും ഏഴു നഗരസഭകളിലും വിവിധ വാര്‍ഡുകളിലുമായി 200 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.
ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിച്ച് സീറോവേസ്റ്റ് ദിനമായ മാര്‍ച്ച് 30 ന് ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുകയാണ് കാന്പയിനിലൂടെ ലക്ഷ്യമിടുന്നത്. പട്ടണങ്ങള്‍ ശുചിത്വമുള്ളതാക്കുക, പൊതുസ്ഥലങ്ങള്‍ സൗന്ദര്യവത്രിക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങളെ ഹരിതടൂറിസം കേന്ദ്രങ്ങളാക്കുക, ഓഫീസുകളെയും വിദ്യാലയങ്ങളും ഹരിതമാക്കുക, നീര്‍ച്ചാലുകള്‍ ശുചീകരിച്ചു വീണ്ടെടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണു കാന്പയിനിന്റെ ഭാഗമായി നടപ്പിലാക്കുക.