കോയന്പത്തൂർ-ഗോവ വിമാന സർവീസ് തുടങ്ങും
1458423
Wednesday, October 2, 2024 7:35 AM IST
കോയമ്പത്തൂർ: ഇൻഡിഗോ എയർലൈൻസ് കോയമ്പത്തൂരിൽ നിന്ന് ഗോവയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നതായി കോയമ്പത്തൂർ നെക്സ്റ്റ് ഓർഗനൈസേഷൻ പ്രസിഡന്റ് സതീഷ് പറഞ്ഞു. തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ കോയമ്പത്തൂരിൽ പ്രതിദിന സർവീസുകളുടെ എണ്ണം നിലവിലെ 27 ൽ നിന്ന് 30 ആയി ഉയർത്താൻ പദ്ധതിയുണ്ടെന്ന് സതീഷ് പറഞ്ഞു.
ഈ വിപുലീകരണം കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10,000 കവിയുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞയാഴ്ച മുതൽ ഇൻഡിഗോ ഹൈദരാബാദിലേക്കുള്ള തങ്ങളുടെ സർവീസുകൾ 26 പ്രതിവാര ഫ്ളൈറ്റുകളായി ഉയർത്തിയിട്ടുണ്ട്. മുമ്പത്തെ മൂന്നിന് പകരം വ്യാഴം, ശനി ദിവസങ്ങളിൽ ഒഴികെ ഇപ്പോൾ ഹൈദരാബാദിലേക്ക് ദിവസവും നാല് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
കൂടാതെ, ഇൻഡിഗോ എയർലൈൻസ് കോയമ്പത്തൂരിൽ നിന്ന് അബുദാബിയിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസ് പുനഃക്രമീകരിച്ചു. അബുദാബിയിൽ നിന്നുള്ള ഫ്ലൈറ്റ് ഷെഡ്യൂളിൽ മാറ്റമില്ല. 27 മുതൽ കോയമ്പത്തൂരിനും സിംഗപ്പൂരിനുമിടയിൽ ഇൻഡിഗോ പ്രതിദിന നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സതീഷ് പറഞ്ഞു.