തെങ്കര റോഡുപണി പത്തുമുതൽ
1458052
Tuesday, October 1, 2024 7:02 AM IST
മണ്ണാർക്കാട്: മഴമൂലം നിർത്തിവച്ച നെല്ലിപ്പുഴ- ആനമൂളി റോഡിലെ ടാറിംഗ് പ്രവൃത്തികൾ ഈമാസം പത്തിനു പുനഃരാരംഭിക്കാൻ തീരുമാനം. ടാർചെയ്യാത്ത ഭാഗങ്ങളിലെ രൂക്ഷമായ പൊടിശല്യം പരിഹരിക്കാൻ ദിവസത്തിൽ മൂന്നുതവണ വെള്ളംതളിക്കാനും ധാരണയായി. നിലവിൽ രണ്ടുതവണ വെള്ളം തളിക്കുന്നുണ്ടെങ്കിലും പൊടിയടങ്ങാത്ത സാഹചര്യത്തിലാണിത്.
എൻ. ഷംസുദ്ദീൻ എംഎൽഎയുടെ അധ്യക്ഷതയിൽ കെഎർഎഫ്ബി ഉദ്യോഗസ്ഥർ, കരാർകമ്പനി എൻജിനീയർ, വിവിധരാഷ്ട്രീയ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. കുഴികളും പൊടിശല്യവുംമൂലം യാത്രാക്ലേശം വർധിച്ചതോടെ നാട്ടുകാരുടെ പരാതിയെ തുടർന്നാണു യോഗംചേർന്നത്. പൊടിശല്യം പരിഹരിക്കുക, ചെക്ക്പോസ്റ്റ് ജംഗ്ഷനിലെ വീതിക്കുറവ് പരിഹരിക്കുക, കൾവർട്ടുകളുടെപണി ഉടൻ പൂർത്തീകരിക്കുക, പുഞ്ചക്കോട് പെട്രോൾ പമ്പിന് എതിർവശത്തെ ജവഹർ നഗർ റോഡിൽ വെള്ളമൊഴുകിപോകുന്നതിനു കലുങ്ക് നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ ഉന്നയിച്ചു.
തുടർന്നാണ് അവശേഷിക്കുന്ന ഭാഗത്തെ ടാറിംഗ് ഉടൻ തുടങ്ങാമെന്ന് അധികൃതർ സമ്മതിച്ചത്. പുഞ്ചക്കോട് മുതൽ തെങ്കരവരെയാണ് ടാർ ചെയ്തിട്ടുള്ളത്. ചെക്ക്പോസ്റ്റ് ജംഗ്ഷനിൽ റോഡിനു വീതികുറയില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി. രാഷ്ട്രീയകക്ഷി നേതാക്കളായ ടി.എ. സലാം, പി.ആർ. സുരേഷ്, സെയ്ത് കുരിക്കൾ, വി.വി. ഷൗക്കത്തലി, അരു ൺകുമാർ പാലക്കുറുശ്ശി, കെ. ശിവദാസൻ, എം. അജേഷ്, അൻവർ മണലടി പങ്കെടുത്തു.