മലിനജലം റോഡിലേക്ക് ഒഴുക്കുന്നു; ഓഡിറ്റോറിയത്തിനെതിരേ നടപടി
1454783
Saturday, September 21, 2024 2:03 AM IST
എരുമപ്പെട്ടി: കുണ്ടന്നൂർ ചുങ്കം സെന്ററിലുള്ള ഓഡിറ്റോറിയത്തിൽനിന്ന് മലിന ജലം റോഡിലെ കാനയിലേക്ക് ഒഴുക്കുന്നതായി ആരോഗ്യവകുപ്പും പഞ്ചായത്തും നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇവരിൽനിന്ന് പിഴ ഈടാക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുണ്ടന്നൂർ സെന്ററിനു സമീപമുള്ള മൊബൈൽ ഷോപ്പിനു മുന്നിലൂടെ ഒഴുകുന്ന പൊതു വെള്ളച്ചാലിൽനിന്നും രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തിയത്. ദുർഗ ന്ധംമൂലം പരിസരത്തുള്ള സ്ഥാപനങ്ങളിൽ ജോലിയെടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഗ്രാമപഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ജസ്റ്റിൻ സെബാസ്റ്റ്യൻ, എരുമപ്പെട്ടി ഹെൽത്ത് ഇൻസ്പെക്ടർ കെ.എഫ്. ബാബു എന്നിവർ നടത്തിയ പരിശോധനയിൽ സമീപത്തുള്ള ഓഡിറ്റോറിയത്തിലെ വേസ്റ്റ് ടാങ്കിൽനിന്ന് മോട്ടോർ ഉപയോഗിച്ച് പാടത്തേക്ക് വെള്ളം ഒഴുക്കിയതു കണ്ടെത്തുകയും ഇതിൽ നിന്നുമാണ് ദുർഗന്ധം പരക്കുന്നതെന്നും കണ്ടെത്തി. ഓഡിറ്റോറിയത്തിൽ നിന്ന് പിഴ ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കുന്നതിനു നിർദേശിക്കുമെന്നും അധികൃതർ അറിയിച്ചു.