പ്രവാസികൾക്ക് ഓണ്‍ലൈനായി ഭൂനികുതി അടയ്ക്കാൻ സൗകര്യമൊരുക്കും: മന്ത്രി
1454503
Friday, September 20, 2024 1:55 AM IST
ആലത്തൂർ: വിദേശ മലയാളികൾക്ക് കേരളത്തിൽ അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ നികുതി ഓണ്‍ലൈനായി അടയ്ക്കാൻ സൗകര്യമൊരുക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ആലത്തൂർ താലൂക്ക്തല പട്ടയമേളയുടെയും എരിമയൂർ 1 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ സ്മാർട്ട് ആക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ലോക കേരളസഭയിൽ ഉയർന്ന ആവശ്യം പരിഗണിച്ച് 10 രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ഓണ്‍ലൈനായി കേരളത്തിലെ അവരുടെ ഭൂമിക്ക് ടാക്സ് അടയ്ക്കാനുള്ള സൗകര്യമൊരുക്കും. ആലത്തൂർ താലൂക്കിൽ 1212 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഭൂരഹിതരായ ആളുകളെ ഭൂമിയുടെ ഉടമകളാക്കാൻ സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ട്.
ആലത്തൂർ പവിത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പി.പി. സുമോദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് രജനി ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, എരിമയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാരൻ, ജില്ലാ പഞ്ചായത്തംഗം പി.എം. അലി, സി. രാമകൃഷ്ണൻ, കെ. അൻഷിഫ്, ഉദ്യോഗസ്ഥർ, പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.