ഒറ്റപ്പാലം താലൂക്ക് ആശുപത്രി കാന്റീൻ അടഞ്ഞുതന്നെ
1453755
Tuesday, September 17, 2024 1:50 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്കാശുപത്രി കാന്റീൻ തുറക്കാനായില്ല. കരാർ നൽകിയിട്ടും തുറന്ന് പ്രവർത്തിപ്പിക്കാത്തതിനാൽ കാന്റീൻ നടത്തിപ്പിന് വാടകകുറച്ച് ആളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. ദിവസവാടക 500 രൂപയാക്കി 15,000 രൂപ അടിസ്ഥാന മാസവാടകയായി നിശ്ചയിച്ചാണ് കരാറുകാരെ കണ്ടെത്താൻ ശ്രമംതുടങ്ങിയത്. രണ്ടുമാസത്തെ വാടകത്തുക മാത്രം നിക്ഷേപമായി സ്വീകരിച്ചാൽ മതിയെന്നാണ് തീരുമാനിച്ചത്.
അങ്ങനെയെങ്കിലും കരാറെടുക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ എന്നാൽ ഒന്നുമുണ്ടായില്ല. 26,000 രൂപയായിരുന്ന വാടകയാണ് ഇപ്പോൾ കുറവ് വരുത്തിയിട്ടുള്ളത്. അതിനുംമുമ്പ് വാടക 55,000 രൂപയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനം നിർത്തിയ കാന്റീൻ ഒമ്പതുമാസം കഴിഞ്ഞിട്ടും അടഞ്ഞുകിടക്കുകയാണ്. കിടത്തിച്ചികിത്സയിലുള്ള രോഗികൾ കുറഞ്ഞതിനാൽ വലിയസംഖ്യനൽകി ആരും കാന്റീൻ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് പറയുന്നത്.
ഒരുവർഷം മുമ്പുവരെ ആശുപത്രിയിൽ മുഴുവൻ കിടക്കകളും നിറഞ്ഞിരുന്നു. ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റത്തോടെയാണ് കാര്യങ്ങളെല്ലാം തകിടംമറിഞ്ഞത്. തിരക്കുകുറഞ്ഞതോടെ നേരത്തേ കാന്റീൻ നടത്തിയിരുന്ന കരാറുകാരൻ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിൽ ചുമതലയൊഴിഞ്ഞു. പിന്നാലെ ഘട്ടംഘട്ടമായി വാടകനിരക്കുകുറച്ച് കരാർ എടുത്തിരുന്നെങ്കിലും നടത്തിപ്പിന് താത്പര്യം കാണിച്ചില്ല. ഇപ്പോൾ ശരാശരി 20 ഓളം രോഗികൾ മാത്രമാണ് കിടത്തിച്ചികിത്സയിലുള്ളതെന്നും അതുകൊണ്ടാണ് കാന്റീൻ നടത്തിപ്പിന് ആരും തയ്യാറാകാത്തതെന്നും എച്ച്എംസി യോഗത്തിൽ അധികൃതർ പറഞ്ഞിരുന്നു.
തുടരെത്തുടരെ താലൂക്ക് ആശുപത്രിക്കെതിരെ ഉണ്ടാകുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സാധാരണക്കാരായ രോഗികൾ ആശുപത്രിയെ കൈയൊഴിഞ്ഞ അവസ്ഥയാണ്. ഇതും കാന്റീൻ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.