ഓർമയാകുന്നത് അട്ടപ്പാടിക്കാരുടെ സ്വന്തം മണിസാർ
1450925
Friday, September 6, 2024 12:06 AM IST
അഗളി: ഓർമയാകുന്നത് അട്ടപ്പാടിയുടെ സ്വന്തം മണിസാർ. ദീർഘകാലം അട്ടപ്പാടിയുടെ സർവമേഖലയും തൊട്ടറിഞ്ഞ സർക്കാരുദ്യോഗസ്ഥനായിരുന്നു മണിസാർ എന്ന രാമചന്ദ്രൻ അത്തിപ്പറ്റ (91).
വാർധക്യസഹജമായ അസുഖം മൂർച്ഛിച്ചതിനെതുടർന്ന് ചികിത്സയിലിരിക്കേ കോയന്പത്തൂരിൽ ഇന്നലെയായിരുന്നു മരണം. 1958- 59 കാലഘട്ടത്തിൽ അട്ടപ്പാടിയിലെത്തി സർക്കാർ ഉദ്യോഗസ്ഥജീവിതം തുടങ്ങി.
പെരിന്തൽമണ്ണ സ്വദേശിയായ ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചു വിരമിക്കുന്നതുവരെ അട്ടപ്പാടിയിലായിരുന്നു താമസം. അട്ടപ്പാടിയിൽ 29 വർഷത്തോളം സേവനംചെയ്ത മണിസാർ സർവീസിൽനിന്നും ഡെപ്യൂട്ടി കളക്ടറായാണ് വിരമിച്ചത്.
അട്ടപ്പാടിയുടെ സർക്കാർരംഗത്തെ ഉയർച്ചതാഴ്ചകളുടെ വിവരങ്ങളുടെ കലവറ കൂടിയാണ് മാണി സാറിന്റെ വിയോഗത്തോടെ അട്ടപ്പാടിക്കു നഷ്ടമാകുന്നത്. എന്നും അട്ടപ്പാടിയിലെ അടിസ്ഥാനവർഗത്തോടൊപ്പം നിലനിന്നുവെന്നതാണു മണിസാറിനെ പ്രിയങ്കരനാക്കിയത്.
അട്ടപ്പാടിയിലെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഭൂതാളി, ക്ലേശജീവികൾ എന്നിവയടക്കം അഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റിട്ടയർമെന്റിനുശേഷം മക്കളോടൊപ്പം കോയന്പത്തൂർ ഇടയാർപാളയം തടാകം റോഡിലെ ശ്രീരാഗം വീട്ടിലായിരുന്നു താമസം.