"നന്മ' വീടൊരുങ്ങി; പാറുക്കുട്ടിയമ്മയ്ക്കും മക്കൾക്കും സ്വപ്നസാഫല്യം
1450916
Friday, September 6, 2024 12:06 AM IST
ഒറ്റപ്പാലം: മോഹവീടൊരുങ്ങി, പാറുക്കുട്ടിയമ്മയ്ക്കും മക്കൾക്കും സ്വപ്ന സാഫല്യം. അനങ്ങനടി പാലക്കോട് തെരുവിൽ ശാന്തിയും കുമാരിയും മാതാവ് പാറുക്കുട്ടിയമ്മയും ആശ്വാസ തീരമണഞ്ഞു.
ഒറ്റമുറിപ്പുരയിൽ കഴിഞ്ഞിരുന്ന ഈ മൂന്നംഗ കുടുംബത്തിന് അടച്ചുറപ്പും സൗകര്യങ്ങളുമുള്ള വീടൊരുക്കി കൊടുത്തിരിക്കുകയാണ് നന്മ മനസിനുടമയായ ഡോ.എസ്. അനന്തു.
ഹൃദ്രോഗിയും വിധവയുമായ പാറുക്കുട്ടിയും (75) ഭിന്നശേഷിക്കാരായ മക്കൾ ശാന്തിയും (36) കുമാരിയും (35) സർക്കാരിന്റെ ഭവനപദ്ധതിക്ക് കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.
ഇതിനിടെയാണ് എംബിബിഎസ് ബിരുദധാരിയും കോഴിക്കോട് ആസ്ഥാനമായി കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സൈലം വിദ്യാഭ്യാസ ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ ആലപ്പുഴ സ്വദേശി ഡോ.എസ്. അനന്തു ഈ കുടുംബത്തെ തേടിയെത്തിയത്.
സാഹചര്യങ്ങൾ മനസിലാക്കിയ അദ്ദേഹം ഭവനനിർമാണം ഏറ്റെടുത്തു. ഡോ.അനന്തുവിന്റെ ഹാപ്പിനസ് പ്രോജക്ടിൽ ഉൾപ്പെടുത്തിയാണു 10 ലക്ഷത്തോളം രൂപ ചെലവിൽ വീടു നിർമിച്ചത്
.
കോഴിക്കോട്ടെ കൺസ്ട്രക്ഷൻ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു നിർമാണപ്രവർത്തനങ്ങൾ. കഴിഞ്ഞ ദിവസം ഡോ. അനന്തുവും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഇവരുടെ ഗൃഹപ്രവേശം നടന്നു. വീടുവച്ചു കൊടുക്കുക മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കിക്കൊടുത്താണു താക്കോൽ കൈമാറിയത്.
പൊക്കക്കുറവുള്ള ശാന്തിക്കും കുമാരിക്കും അനായാസമായി ഉപയോഗിക്കാൻ പ്രാപ്തമായ ഉയരത്തിൽ അടുക്കളയും കിടപ്പുമുറികളിലെ കട്ടിലുകളും കസേരകളും വാതിലുകളുടെ താഴുകളുമൊക്കെ ക്രമീകരിക്കുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഉറവ വറ്റാത്ത കാരുണ്യത്തിന്റെ നേർരൂപമായ ഡോ. അനന്തുവിനെ കാണപ്പെട്ട ദൈവമെന്നാണ് ഈ സാധു കുടുംബം വിശേഷിപ്പിക്കുന്നത്.